മിഡിൽ ഈസ്റ്റ് സംഘർഷം: ഹോർമുസ് കടലിടുക്ക് വഴി മറ്റൊരു ഇന്ത്യൻ എണ്ണക്കപ്പൽ കൂടി ഇന്ത്യയിലേക്ക്
ലോകത്തെ മൊത്തം എണ്ണവ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം വരെ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് നിലവില്‍ കടുത്ത സുരക്ഷാ നിരീക്ഷണത്തിലാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ പതാക വഹിച്ചുള്ള മറ്റൊരു എണ്ണക്കപ്പം കൂടി യുഎഇയിലെ ഫുജൈറയില്‍ നിന്ന് യാത്ര തിരിച്ചു. 80,800 ടണ്‍ അസംസ്‌കൃത എണ്ണയുമായി ജഗ് ലാഡ്കി കപ്പലാണ് പുറപ്പെട്ടത്. സംഘര്‍ഷമേഖലയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന നാലാമത്തെ കപ്പലാണിത്. ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമായാണ് ഈ നേട്ടത്തെ കണക്കാക്കുന്നത്.
ലോകത്തെ മൊത്തം എണ്ണവ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം വരെ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് നിലവില്‍ കടുത്ത സുരക്ഷാ നിരീക്ഷണത്തിലാണ്.ഇതുവരെ 4 ഇന്ത്യന്‍ കപ്പലുകള്‍ക്കാണ് പ്രത്യേക അനുമതി നേടി ഹോര്‍മുസ് വിടാന്‍ കഴിഞ്ഞിട്ടുള്ളത്. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ഹോര്‍മുസില്‍ നിരവധി ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിത യാത്രയ്ക്കായുള്ള അനുമതി കാത്ത് കിടക്കുകയാണ്. ഇരുപതോളം ഇന്ത്യന്‍ കപ്പലുകളാണ് ഇങ്ങനെ ഹോര്‍മുസില്‍ നങ്കൂരമിട്ടിട്ടുള്ളത്.
ഇതിനിടെ രാജ്യത്തെ പാചകവാതക പ്രതിസന്ധി കണക്കിലെടുത്ത് പൈപ്പ് വഴി പാചകവാതകം ഉപയോഗിക്കുന്നവര്‍ എല്പിജി സിലിണ്ഡറുകള്‍ കൈവശം വെയ്ക്കുന്നത് നിരോധിച്ചു. പെട്രോളിയം മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. പിഎന്‍ജി കണക്ഷന്‍ ലഭ്യമായിട്ടുള്ളവര്‍ അതിലേക്ക് മാറണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 60 ലക്ഷം കുടുംബങ്ങളാണ് വീടിനുള്ളില്‍ പൈപ്പ്‌ലൈന്‍ ഗ്യാസ് ഉപയോഗിക്കുന്നത്.
22 കപ്പലുകളാണ് ഹോര്‍മുസില്‍ ഇറാന്‍ അനുമതി കാത്ത് നില്‍ക്കുന്നത്. നേരത്തെ 28 കപ്പലുകള്‍ ഈ മേഖലയിലുണ്ടായിരുന്നു. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകള്‍ 92,712 മെട്രിക് ടണ്‍ എല്‍പിജിയുമായി ശനിയാഴ്ച ഹോര്‍മുസ് കടന്നിരുന്നു. ഈ കപ്പലുകള്‍ ഇന്നും നാളെയുമായി മുന്ദ്രാ തുറമുഖത്തും കണ്ട്ലാ തുറമുഖത്തുമെത്തും.