1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India sends 38,000 metric tonnes of fuel to Sri Lanka

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

iran
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധിയില്‍ ശ്രീലങ്കയെ പിന്തുണയ്ക്കാന്‍ ഇന്ത്യ രംഗത്തെത്തി. 'അയല്‍ക്കാര്‍ ആദ്യം' എന്ന നയത്തിന്റെ ഭാഗമായി, 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും ഉള്‍പ്പെടെ 38,000 മെട്രിക് ടണ്‍ ഇന്ധനം ഇന്ത്യ കൊളംബോയിലേക്ക് എത്തിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ സമയബന്ധിതമായി സഹായിച്ചതിന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേ X-ലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും നന്ദി പറഞ്ഞു.
 
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷവും ആഗോളതലത്തില്‍ പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളുമാണ് ശ്രീലങ്കയില്‍ ഇന്ധനക്ഷാമത്തിന് കാരണമായത്. പ്രതിസന്ധി ഘട്ടത്തില്‍ പ്രസിഡന്റ് ദിസനായകേ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ കൊളംബോ തുറമുഖത്തേക്ക് അടിയന്തര ഇന്ധന വിതരണം നടത്തുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വഴിയാണ് കയറ്റുമതി എത്തിച്ചത്.
 
അതേസമയം ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ഇറാനിലെ എണ്ണ കൈവശപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇറാന്റെ തീരത്ത് നിന്ന് 16 മൈല്‍ അകലെ ഗള്‍ഫിന്റെ വടക്കേ അറ്റത്ത് ഹോര്‍മുസ് കടലിടുക്കിന് ഏകദേശം 300 മൈല്‍ വടക്കുപടിഞ്ഞാറായാണ് ഖാര്‍ഗ് സ്ഥിതിചെയ്യുന്നത്. 
 
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്. ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാന്റെ ഊര്‍ജ്ജ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍