സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 7 ഫെബ്രുവരി 2026 (20:06 IST)
റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനം എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 25% പിഴ തീരുവ ഒഴിവാക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.
അതേസമയം പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക. മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇന്ത്യ -അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങളില്‍ യുഎസ് ട്രേഡ് റപ്രെസെന്ററ്റീവ് ഓഫീസ് പുറത്തുവിട്ട ഭൂപടത്തില്‍ പാക് അധിനിവേശ കാശ്മീര്‍ ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല ചൈന തങ്ങളുടെതെന്ന് അവകാശപ്പെടുന്ന അക്‌സായി ചിന്നും ഔദ്യോഗിക ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ അമേരിക്ക വ്യാപാരക്കാരാറില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തുവന്നിട്ടുണ്ട്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ പരമാവധി നികുതി 18% ആക്കിയാണ് കുറച്ചത്. അതേസമയം അമേരിക്കയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കും.