India - USA Trade Deal : ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: ഏഷ്യയിൽ ഏറ്റവും കുറഞ്ഞ യു.എസ്. തീരുവ ഇന്ത്യയ്ക്ക്

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യു.എസ്. ഏര്‍പ്പെടുത്തിയിരുന്ന അധിക തീരുവകളാണ് കുറച്ചത്.

trump tariff reduced to 18 percent
രേണുക വേണു| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (11:25 IST)
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണയോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി മാറി ഇന്ത്യ. പുതിയ കരാര്‍ പ്രകാരം ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് യു.എസ്. ഈടാക്കുന്ന തീരുവ 18 ശതമാനമായി കുറയ്ക്കാന്‍ ധാരണയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന് ശേഷമാണ് തീരുവ കുറച്ചതെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യു.എസ്. ഏര്‍പ്പെടുത്തിയിരുന്ന അധിക തീരുവകളാണ് കുറച്ചത്. പുതിയ കരാര്‍ വഴി ഇന്ത്യ-യു.എസ്. വ്യാപാര ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയ തീരുവ നിരക്ക് ഇന്ത്യയെ മറ്റ് ഏഷ്യന്‍ കയറ്റുമതി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മത്സരക്ഷമമാക്കുന്നു. ബംഗ്ലാദേശ്, വിയറ്റ്‌നാം, തായ്വാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് യു.എസ്. വിപണിയില്‍ ഏകദേശം 19-20 ശതമാനം വരെ തീരുവ തുടരുമ്പോള്‍, ഇന്ത്യയ്ക്ക് ലഭിക്കുന്ന 18 ശതമാനം നിരക്ക് മാത്രമാണുള്ളത്. ഇത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കും. ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഐടി ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകള്‍ക്ക് കരാര്‍ ഗുണകരമാകും.

കരാറിന്റെ ഭാഗമായി ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക ഉപകരണങ്ങള്‍, മറ്റ് വ്യവസായ വസ്തുക്കള്‍ എന്നിവയുടെ വാങ്ങല്‍ വര്‍ധിപ്പിക്കാനും സമ്മതിച്ചതായാണ് സൂചന. ഇത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ വ്യാപാര ബാലന്‍സ് നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് കാണുന്നത്. തീരുവ കുറയ്ക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ചെലവ് കുറയ്ക്കുകയും, അമേരിക്കന്‍ വിപണിയില്‍ ദീര്‍ഘകാല സാന്നിധ്യം ഉറപ്പാക്കാനും സഹായിക്കും. അതേസമയം, ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയുടെ വ്യാപാര സ്ഥാനമുറപ്പിക്കുന്നതിലും ഈ കരാര്‍ നിര്‍ണായകമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :