ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകാത്ത ബദല്‍ വിതരണ മാര്‍ഗ്ഗങ്ങള്‍ ഉറപ്പ് വരുത്തിക്കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

India oil import, Middle east crisis, Oil import, Russia,Strait of Hormuz
അഭിറാം മനോഹർ| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (08:33 IST)
മധ്യേഷ്യന്‍ മേഖലയില്‍ യുദ്ധ സംഘര്‍ഷത്തിന് സമാനമായ സാഹചര്യം രൂപപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് എണ്ണ വിതരണം സുഗമമായി തന്നെ നടക്കുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി. ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം (ATF) എന്നിവ ആവശ്യമായ അളവില്‍ ശേഖരിച്ചിട്ടുണ്ടെന്നും ഹ്രസ്വകാല തടസ്സങ്ങള്‍ നേരിടാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരും, നാലാമത്തെ വലിയ റിഫൈനറും, അഞ്ചാമത്തെ വലിയ പെട്രോളിയം ഉല്‍പ്പന്ന കയറ്റുമതിക്കാരുമായ ഇന്ത്യ ഗള്‍ഫ് വിപണിയെ എണ്ണയ്ക്കായി ഏറെ ആശ്രയിക്കുന്നുണ്ട്. ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുക കൂടി ചെയ്തതോടെയാണ് എണ്ണയുടെ ലഭ്യതയേയും വിലക്കയറ്റത്തേയും കുറിച്ചുള്ള ആശങ്കകള്‍ ശക്തമായത്. എന്നാല്‍ ഇന്ത്യന്‍ ഊര്‍ജ്ജ കമ്പനികള്‍ ഇതിനകം തന്നെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകാത്ത ബദല്‍ വിതരണ മാര്‍ഗ്ഗങ്ങള്‍ ഉറപ്പ് വരുത്തിക്കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ഏകദേശം 25 ദിവസത്തെ ക്രൂഡ് ഓയില്‍ ശേഖരം കൈവശം ഉണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ഭൂഗര്‍ഭ ഗുഹകളിലാണ് ഇവ ശേഖരിച്ചിട്ടുള്ളത്. ഈ എണ്ണ ശേഖരവും റിഫൈനറികളിലെ ശേഖരവും കൂട്ടിചേര്‍ത്താല്‍ ആഗോള പ്രതിസന്ധിയുണ്ടായാലും 74 ദിവസത്തേക്കുള്ള കരുതല്‍ ശേഖരം ഉണ്ടെന്നാണ് കഴിഞ്ഞ മാസം പെട്രോളിയം മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നത്.

രാജ്യവ്യാപകമായ പെട്രോളിയം ഉല്‍പ്പന്ന വിതരണം നിരന്തരം നിരീക്ഷിക്കുന്നതിനായി പെട്രോളിയം മന്ത്രാലയം 24×7 കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍വെന്ററി നിലവാരം തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.

മധ്യേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും ഉടന്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പ് നല്‍കി. ക്രൂഡ് ഓയില്‍, LPG, LNG എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ബദല്‍ സ്രോതസ്സുകള്‍ തേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :