സിജെ റോയിയുടെ മരണത്തില്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നീണ്ടപീഡനം, ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദ്ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബിജെപി ഭരണകാലത്ത് ഉണ്ടായിട്ടുണ്ടെന്ന് അടിയന്തര പ്രമേയത്തില്‍ പറയുന്നു.
അതേസമയം റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാണ് പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. സി ജെ റോയിയുടെ 9 പേജുള്ള ആത്മഹത്യയെക്കുറിപ്പ് കുടുംബത്തിന് കിട്ടിയെന്നാണ് വരുന്ന റിപ്പോര്‍ട്ട്. സിജെ റോയ് ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സംശയം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലില്‍ റോയി സമ്മര്‍ദ്ദത്തിലായിരുന്നു.
അതേസമയം പ്രത്യേക അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്‌ഐടി അറിയിച്ചു. ഐടി ഉദ്യോഗസ്ഥരോട് ബംഗളൂരു വിട്ടു പോകരുതെന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ പരിശോധനകളും നടപടിക്രമങ്ങളും നിയമപരമായിരുന്നുവെന്നും റോയിയുടെ മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.