വേശ്യാവൃത്തി നിയമാനുസൃതമാക്കണമെന്ന്‌ ഹരിയാന വനിതാകമ്മീഷന്‍ ഉപാധ്യക്ഷ

ഛണ്ഡീഗഡ്‌| VISHNU N L| Last Modified വെള്ളി, 10 ജൂലൈ 2015 (15:58 IST)
വേശ്യാവൃത്തി നിയമാനുസൃതമാക്കണമെന്ന്‌ ആവശ്യപ്പെട്ട ഹരിയാന വനിതാക്കമ്മീഷന്‍ ഉപാധ്യക്ഷ വിവാദത്തില്‍. പ്രധാനമന്ത്രി, ഹരിയാനാ ഗവര്‍ണര്‍, മുഖ്യമന്ത്രി, ദേശീയ വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക്‌ വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ഉപാധ്യക്ഷ സുമാന്‍ ദഹിയ അയച്ച കത്താണ് വിവാദത്തിനു കാരണം.

പെണ്‍വാണിഭ റാക്കറ്റുകളെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടികളേയും വനിതകളേയും രക്ഷിക്കാന്‍ വേറെ വഴി നോക്കേണ്ടതുണ്ടെന്നും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന്‌ വേശ്യവൃത്തി നിയമാനുസൃതമാക്കുന്നതാണ്‌ എന്നും വ്യാഴാഴ്‌ച അയച്ച കത്തില്‍ ദഹിയ പറയുന്നു. നൂറുകണക്കിന്‌ പെണ്‍കുട്ടികളെ പെണ്‍വാണിഭഗ്യാംഗുകള്‍ ക്രൂരമായി ബലാത്സംഗത്തിലൂടെ വേശ്യവൃത്തിയിലേക്ക്‌ തള്ളിവിട്ട ശേഷം നിര്‍ബ്ബന്ധിതമായി മതംമാറ്റി അറേബ്യന്‍ രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കുന്നുണ്ടെന്നും ജീവന്‌ ഭീഷണിയുള്ളതിനാലാണ്‌ പലരും ഇത്‌ പുറത്തു പറയാന്‍ മടി കാണിക്കുന്നതെന്നും ദഹിയ കത്തില്‍ കുറിച്ചിട്ടുണ്ട്‌.

അതേസമയം ദഹിയയുടെ കത്തിനെതിരെ എതിര്‍പ്പും ശക്‌തമായിട്ടുണ്ട്‌. വേശ്യാവൃത്തി നിയമാനുസൃതമാക്കുന്നത്‌ മനുഷ്യക്കടത്തുകാര്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന്‌ ഓള്‍ഇന്ത്യാ ഡെമോക്രാറ്റിക്‌ വുമണ്‍സ്‌ അസോസിയേഷന്‍ ജോയന്റ്‌ സെക്രട്ടറി സവിതാ ബര്‍വാല്‍ പറയുന്നു. എന്നാല്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച്‌ പഠിച്ച ശേഷം ചില പാശ്‌ചാത്യ രാജ്യങ്ങള്‍ ഇതിനെ നിയമാനുസൃതമാക്കിയിട്ടുണ്ട് എന്ന് ദഹിയ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ പരിപാടികള്‍ ഫലപ്രദമാകാത്തതിനാല്‍ നിര്‍ബന്ധിത വേശ്യാവൃത്തി വ്യാപിക്കുകയാണെന്നും അവര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :