നിങ്ങൾ കേസുകളെടുക്കുന്നത് തുടരു, ഓരോ കേസും എനിക്ക് മെഡലുകളാണ് : രാഹുൽ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ബിജെപിയുടെ ജാതീയ മനോഭാവമാണ് വെളിപ്പെടുത്തിയതെന്ന പരാമര്‍ശത്തില്‍ തനിക്കെതിരെ കേസെടുത്ത സംഭവം മെഡലായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2 വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരാഖണ്ഡ് പോലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.
ജാതീയമായ വിവേചനം തുറന്ന് കാണിക്കുകയാണ് രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ ചെയ്തതെങ്കിലും ഈ തുറന്ന് പറച്ചില്‍ സ്പര്‍ദ്ധയുണ്ടാക്കുമെന്നാണ് പരാതിയിലെ വാദം. ഇത് രാഷ്ട്രീയമായ പകപോക്കലാണെന്ന് പ്രതിപക്ഷം ആക്ഷേപമുയര്‍ത്തിയിട്ടുണ്ട്. ജാതിവിവേചനം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെ ജാതീയതയാകുമെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡ് പോലീസിന്റെ നടപടി കോണ്‍ഗ്രസ് രാഷ്ട്രീയമായി ആയുധമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും മറ്റും തിരെഞ്ഞെടുപ്പുകള്‍ ഉടനുള്ളതിനാല്‍ വിഷയം ദളിത് വോട്ടുകള്‍ നിര്‍ണായകമായ ഇടങ്ങളില്‍ ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. ഉത്തര്‍പ്രദേശില്‍ നിര്‍ണായകമാണ് ദളിത് വോട്ട് ബാങ്കുകള്‍ എന്നതിനാല്‍ ആശങ്കയോടെയാണ് ബിജെപി സ്ഥിതിഗതികളെ നിയന്ത്രിക്കുന്നത്. നിലവില്‍ യുപിയില്‍ അയോധ്യകൊള്ള സമാജ്വാദി പാര്‍ട്ടി വിഷയമായി ഉയര്‍ത്തി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
അയോധ്യയിലൂടെ വിശ്വാസിസമൂഹത്തിന്റെ വോട്ടുകള്‍ നേടാന്‍ സമാജ്വാദി പാര്‍ട്ടി ശ്രമം നടത്തുമ്പോഴാണ് കോണ്‍ഗ്രസിന് അടിക്കാനുള്ള വടി ബിജെപി നേരിട്ട് എറിഞ്ഞുനല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്തെ ഏറ്റവും ദളിത് വിരുദ്ധനായ നേതാവാണ് രാഹുല്‍ ഗാന്ധി എന്നാണ് ബിജെപി ആരോപണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഗാന്ധി കുടുംബം പലപ്പോഴായി അവഹേളിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ പ്രചാരണം.