ന്യൂഡല്‍ഹി|
jibin|
Last Updated:
ശനി, 20 ജൂണ്‍ 2015 (18:24 IST)
ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഡെറ്റോള്‍ സോപ്പില്‍ മായമുണ്ടെന്ന് കണ്ടെത്തി. ആഗ്രയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ലക്‌നൗവിലെ ലാബിലാണ് പരിശേധിച്ചത്. ഡെറ്റോളിനോടൊപ്പം 11 ഉൽപ്പന്നങ്ങൾ ലബോറട്ടറി പരിശോധനയിൽ പരാജയപ്പെട്ടതായി ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറയുന്നു.
ഡെറ്റോൾ സാംപിൾ ശേഖരിച്ച കടയ്ക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ആഗ്രയിലെ ഡ്രഗ് ഇൻസ്പെക്ടർ ആർസി യാദവ് അറിയിച്ചു. സോപ്പിന്റെ തൂക്കം 125 ഗ്രാം എന്നാണ് രേഖപ്പെടുത്തിയതെങ്കിലും 117.0470 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളെന്നു തെളിഞ്ഞു. അതേസമയം, സോപ്പിന്റെ തൂക്കം കുറയാനുള്ളതിന്റെ കാരണം വെളിപ്പെടുത്തി കമ്പനി അധികൃതര്‍ രംഗത്തെത്തി. സോപ്പ് പായ്ക്ക് ചെയ്യുന്ന സമയത്ത് 125 ഗ്രാം ഉണ്ടെന്നും പിന്നീട് ഈർപ്പം നഷ്ടപ്പെട്ടുപോകുന്നതാണ് തൂക്കം കുറയുന്നതിനുള്ള സാങ്കേതിക കാരണമെന്നും വക്താവ് അറിയിച്ചു. പായ്ക്കിങ്ങിന്റെ സമയത്തുള്ള തൂക്കമാണ് കവറിൽ രേഖപ്പെടുത്തേണ്ടതെന്നാണ് നിയമം.
അതേസമയം, സോപ്പ് 100% ഉപയോഗയോഗ്യമാണെന്ന് ഡെറ്റോൾ സോപ്പ് കമ്പനി റെക്കിറ്റ് ബെൻക്കിസെർ വക്താവ് അറിയിച്ചു. ചില്ലറ വ്യാപാരസമയം പെട്ടിയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ സോപ്പിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടായിരിക്കും ഭാരം കുറഞ്ഞതെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു. എഫ്ഡിഎയിൽ നിന്ന് തൂക്കം കുറവും നിലവാരമില്ലായ്മയും കാണിച്ചുള്ള കത്ത് ലഭിച്ചെന്നും വക്താവ് സ്ഥിരീകരിച്ചു.