പ്രതിഫലം വർധിപ്പിക്കണം; തമിഴ്നാട്ടിൽ സമരത്തിനൊരുങ്ങി ഇറച്ചി കോഴി കർഷകർ; കേരളത്തിലും വില വർധിച്ചേക്കും

പ്രതിഷേധം ആരംഭിക്കുന്നതോടെ കേരളത്തിലുൾപ്പെടെ ഇറച്ചികോഴിയുടെ വിലവർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Poultry Famers, Chicken, Tamil Nadu
രേണുക വേണു| Last Updated: ചൊവ്വ, 23 ഡിസം‌ബര്‍ 2025 (20:13 IST)


തമിഴ്നാട്ടിൽ പൗൾട്രി ഫാമുകൾക്കായി കോഴികളെ വളർത്തിനൽകുന്ന കർഷകർ സമരത്തിലേക്ക്. കോഴിവളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജനുവരി ഒന്ന് മുതൽ സമരവുമായി മുന്നോട്ടുപോകാനാണ് കർഷകരുടെ തീരുമാനം. ഞായറാഴ്ച കോയമ്പത്തൂരിലെ അന്നൂരിൽ നടന്ന കൂടിയാലോചന യോ​ഗത്തിലാണ് തീരുമാനം. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ത്രികക്ഷി യോ​ഗം വിളിക്കാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്നാണ് കർഷകരുടെ നിലപാട്.

തമിഴ്നാട്ടിലെ ഇറച്ചിക്കോഴി വളർത്തലിൽ 95 ശതമാനവും ഇത്തരം കർഷകരാണ് കൈകാര്യം ചെയ്യുന്നത്. നിലവിൽ കോഴികളെ ഫാമുകളിലേക്ക് നൽകുമ്പോൾ കിലോയ്ക്ക് 6.5 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. അഞ്ച് വർഷത്തിലേറെയായി തുടരുന്ന ഈ നിരക്ക് 20 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

സംസ്ഥാനത്താകെ ഒരാഴ്ചക്കുള്ളി‍ൽ പത്ത് ലക്ഷത്തിലധികം കോഴികളാണ് ഫാമിൽ നിന്നും പുറത്തുവരുന്നത്. പ്രതിദിനം മൂന്ന് ലക്ഷത്തോളമാണ് തമിഴ്നാട്ടിലെ ഉപഭോ​ഗം. ഞായറാഴ്ചകളിൽ ഇത് നാല് ലക്ഷം വരെ ഉയരാറുണ്ട്. ബ്രോയിലർ കോഴികളെ 12 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാനാകില്ല. ഇത് ബ്രോയിലർ കമ്പനികളുടെ ഉത്പാദനത്തേയും ബാധിച്ചേക്കും.

നിലവിൽ കൈവശമുള്ള കോഴികൾ ഉപയോ​​ഗിച്ച് ജനുവരിയിൽ മൂന്നാഴ്ചയോളം മുന്നോട്ടുപോകുമെങ്കിലും പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം പ്രതിഷേധം ആരംഭിക്കുന്നതോടെ കേരളത്തിലുൾപ്പെടെ ഇറച്ചികോഴിയുടെ വിലവർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :