ആസാദ്- ബ്രിട്ടീഷുകാരെ മനക്കരുത്ത് കൊണ്ട് നേരിട്ട ധീര വിപ്ലവകാരി

Last Updated: ചൊവ്വ, 23 ജൂലൈ 2019 (15:29 IST)
‘‘ഇതുവരെ നിങ്ങളുടെ രക്തം തിളച്ചില്ല എങ്കിൽ നിങ്ങളുടെ സിരകളിലോടുന്നത് ജലമാണ്. മാതൃരാജ്യത്തിന് സേവനം ചെയ്യാനല്ലങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം "- ധീര രക്ത്സാക്ഷി ചന്ദ്രശേഖർ ആസാദിന്റെ വാക്കുകളാണിത്.

ചന്ദ്രശേഖർ ആസാദ്- സ്വാതന്ത്ര്യ സമരത്തിലെ ധീര വിപ്ലവകാരിയായ മനുഷ്യൻ. ചരിത്രത്താളുകളിലാണ് അദ്ദേഹത്തിന്റെ നാമം എഴുതപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷുകാരനെ ആയുധം കൊണ്ടും ബോംബുകൊണ്ടും നേരിട്ട യുവ സ്വാതന്ത്ര്യ സമര ഭടന്മാരുടെ നേതാവായിരുന്നു അദ്ദേഹം.

ഫെബ്രുവരി 27നും ജൂലായ് 23ഉം ചരിത്രത്താളുകളിൽ എന്നും ഓർമിക്കപ്പെടുന്ന ദിനമാണ്. ഓർക്കുകയും ആ ഓർമ്മകളാൽ സിരകളിൽ അഗ്നി പടർത്തുകയും ചെയ്യേണ്ട പുണ്യ പാവന ദിനങ്ങളാണിത് രണ്ടും. കാലം എത്ര കഴിഞ്ഞാലും ആസാദ് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉദിച്ചു നിൽക്കുന്ന വിപ്ലവ നക്ഷത്രം തന്നെയാണ്.

പണ്ഡിറ്റ് സീതാറാം തിവാരിയുടെയുമ് ജഗ് റാണി ദേവിയുടെയും മകനായി 1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് ചന്ദ്രശേഖര്‍ ജനിച്ചത്. ഭാരത മാതാവിന് വേണ്ടി ബലിദാനിയായ ചന്ദ്രശേഖറിനെ ഓർമിക്കാൻ ഇതിലും നല്ലൊരു ദിനമില്ല.

അമ്മയുടെ ആഗ്രഹം ചന്ദ്രശേഖറിനെ ഒരു സംസ്കൃത പണ്ഡിതനാക്കണം എന്നതായിരുന്നു. അതിനായ് മകനെ ബനാറസിലേക്ക് അയച്ച് അവിടുത്തെ ഒരു സംസ്കൃത പാഠശാലയില്‍ ചേർത്തു. എന്നാൽ ഇവിടെ വച്ച് ഭിൽസ് എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച ചന്ദ്രശേഖർ അവരുടെ അമ്പും വില്ലും മറ്റും ഉപയോഗിക്കുന്ന ശൈലി സ്വായത്തമാക്കി.

തുടർന്ന്, 15 മത്തെ വയസ്സിൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ തന്റെ പ്രവർത്തനം ആരംഭിച്ചു. ആയുധം വാങ്ങാനും മറ്റും പണത്തിനായി സര്‍ക്കാര്‍ മുതല്‍ തട്ടിയെടുക്കാന്‍ തീരുമാനിച്ചു. ഇതൊന്നും ചന്ദ്രശേഖറിന്റെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

തുടർന്ന് ഒരു സമരത്തിന്റെയും കല്ലേറിന്റെയും പേരിൽ ചന്ദ്രശേഖർ അറസ്റ്റ് ചെയ്യപ്പെടുകയും കോടതിയിൽ ഹാജരാക്കപ്പെടുകയും ചെയ്തു. അന്ന് ആ കോടതി മുറിയിൽ വെച്ചാണ് ചന്ദ്രശേഖരനെന്ന വ്യക്തി ആസാദ് ആയി മാറിയത്. കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ചന്ദ്രശേഖർ നൽകിയ ഉത്തരങ്ങൾ ഏതൊരു സ്വാതന്ത്ര്യപ്രേമിയേയും ഇന്നും ആവേശം കൊള്ളിക്കുന്നവയാണ്.

ആ ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ ആയിരുന്നു:

എന്താണ് നിന്‍റെ പേര് ?
"ആസാദ്"‌
അച്ഛന്‍റെ പേരോ ? : "സ്വാതന്ത്ര്യം"
വീട് ? :
"ജയിൽ"

അന്ന് 15 ചൂരൽ പ്രഹരമായിരുന്നു കോടതി വിധിച്ച ശിക്ഷ. പക്ഷെ ആ ഓരോ അടിയിലും ആ ബാലൻ തളർന്നില്ല. ഓരോ പ്രഹരവും പുറത്തു വീഴുമ്പോൾ ‘ഭാരത് മാതാ കീ ജയ്‘ എന്ന് ആസാദ് ഉറക്കെ വിളിച്ചു. കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്ന ഏവരിലും ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി. പതിനഞ്ചാമത്തെ അടിയും ആസാദ് ഇതാവർത്തിച്ചു. ശിക്ഷ കഴിഞ്ഞതോടെ കൂടെയുള്ളവർ ഈ യുവാവിനെ തോളിലേറ്റി. തുടർന്ന് അവരും വിളിച്ചു, ‘ആസാദ് കീ ജയ് ഭാരത്മാതാ കീ ജയ്‘.

അസാധാരണമായ സഹനശക്തിയും ധീരതയും അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് നേടിക്കൊടുക്കുകയായിരുന്നു. ആ സംഭവത്തിനു ശേഷം ഹിന്ധുസ്ഥാൻ ആകെമാനം അദ്ദേഹത്തിന്റെ നാമം അലയടിച്ച് തുടങ്ങി. ചന്ദ്രശേഖർ ആസാദ് എന്ന് അദ്ദേഹം അറിയപ്പെട്ട് തുടങ്ങി.

പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളിൽ പ്രവർത്തിച്ചു. സംഘടനകളിലെ നിറ സാന്നിധ്യമായിരുന്നു ആസാദ്. സംഘടനാ പ്രവർത്തനത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ ആസാദും സംഘവും ആസൂത്രണം ചെയ്ത പദ്ധതിയാണ് പിന്നീട്കാക്കോറി ഗൂഢാലോചന കേസ് എന്നറിയപ്പെട്ടത്.

1925 ഓഗസ്റ്റ് ഒന്‍പതിന് ഉത്തര പ്രദേശിലെ കാക്കേറിയില്‍ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികള്‍ അപായ ചങ്ങല വലിച്ച് നിര്‍ത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകര്‍ത്ത് സര്‍ക്കാര്‍ പണം തട്ടിയെടുത്തു. ഈ സംഘത്തിലെ തലവനായിരുന്നു ആസാദ്. സംഭവത്തിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. പക്ഷേ, ആസാദിനെ മാത്രം കിട്ടിയില്ല.

‘ജീവനോടെ ഒരിക്കലും ബ്രിട്ടീഷ് പോലീസിന് പിടികൊടുക്കില്ല‘ എന്നതായിരുന്നു ആസാദിന്റെ പ്രതിജ്ഞ. ഇന്ത്യയില്‍ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപികുകയാണ് ലക്ഷ്യമെന്ന് വിപ്ളവകാരികള്‍ പ്രഖ്യാപിച്ചു. ഇതിനായി അവർ ഒരു സംഘടനയ്ക്ക് രൂപം കൊടുത്തു. ഭഗത് സിംഗ് ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. ന്യൂഡല്‍ഹിയിലെ അസംബ്ളി ചേംബറില്‍ ബോംബ് എറിയാന്‍ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറില്‍ ആളപായം ഉണ്ടായില്ല. എന്നാല്‍ സഹരന്‍ പൂരിലെ ഒരു വലിയ ബോംബ് നിര്‍മ്മാണ കേന്ദ്ര പൊലീസ് കണ്ടുപിടിച്ചു.

രണ്ടാം ലാഹോര്‍ ഗൂഢാലോചനക്കേസിലും ന്യൂഡല്‍ഹി ഗൂഢാലോചനക്കേസിലും ആസാദായിരുന്നു മുഖ്യപ്രതി. ഇതോടെ ആസാദിനെയും സഹപ്രവര്‍ത്തകരെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് പൊലീസ് ആക്കം കൂട്ടി. എത്ര തിരഞ്ഞിട്ടും ആസാദിന്റെ പൊടിപോലും കണ്ടെത്താൻ പൊലീസിനായില്ല. ഒടുവിൽ കൂടെ നിന്നവൻ ഒറ്റുകൊടുക്കുകയായിരുന്നു ആസാദിനെ.

കൂടെ നിഴലായി നടക്കുന്നവർ ചതിക്കുമെന്ന് ആസാദ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. ഒറ്റുകാരൻ എല്ലാ വിവരവും പൊലീസിന് കൈമാറി കൊണ്ടിരുന്നു.

പൂർണ്ണമായും പോലീസ് വളഞ്ഞിട്ടും കൈത്തോക്കു കൊണ്ട് ആസാദ് അവരെ നേരിട്ടു. 3 ബ്രിട്ടീഷ് പോലീസുകാരെ തൽക്ഷണം കാലപുരിക്കയച്ചു. ഒടുവിൽ രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും അവസാനിച്ചു ഇനി രക്ഷയില്ല എന്നുറപ്പായപ്പോൾ അവസാനത്തെ നിറ സ്വന്തം ദേഹത്തിന് നൽകി ആസാദ് മാതൃപൂജ നടത്തി. അവസാന ശ്വാസവും ആസാദ് വിളിച്ചു ‘വന്ദേ മാതരം’!!.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :