1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Central govt overhauled agnipath scheme ahead of UP elections

മുന്നിൽ യുപി ഇലക്ഷൻ: അഗ്നിപഥ് പദ്ധതി പൊളിച്ചെഴുതി കേന്ദ്രം, കാലാവധി പൂർത്തിയാക്കിയവർക്ക് 2 വർഷം കൂടി തുടരാം

2 കൊല്ലം കഴിയുമ്പോള്‍ താല്പര്യമുള്ളവരെ സേനയില്‍ സ്ഥിരമായി നിലനിര്‍ത്തുമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ എന്‍ എസ് രാജ സുബ്രഹ്‌മണി വ്യക്തമാക്കി.

Amit Shah, Narendra Modi, Modi Government, BJP Government, Cabinet Reshuffle in Union Ministry
യുപി തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ അഗ്‌നിപഥ് പദ്ധതിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. അഗ്‌നിവീറുകളായി ചേര്‍ന്ന് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവരില്‍ 75 ശതമാനത്തിന് 2 വര്‍ഷം കൂടി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 2 കൊല്ലം കഴിയുമ്പോള്‍ താല്പര്യമുള്ളവരെ സേനയില്‍ സ്ഥിരമായി നിലനിര്‍ത്തുമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ എന്‍ എസ് രാജ സുബ്രഹ്‌മണി വ്യക്തമാക്കി.
 
2022ലായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി കൊണ്ടുവന്നത്. പരമ്പരാഗതമായി സൈന്യത്തില്‍ ചേരുന്നവര്‍ക്ക് ലഭിച്ചിരുന്ന 15 വര്‍ഷത്തെ സേവന കാലാവധിയും ആയുഷ്‌കാല പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഒഴിവാക്കിയായിരുന്നു പദ്ധതി. ഇത് വഴി സൈന്യത്തിന്റെ ചെലവ് കുറയ്ക്കാനാകുമെങ്കിലും 4 വര്‍ഷം മാത്രം സര്‍വീസ് ഉള്ള അഗ്‌നിവീറുമാര്‍ക്ക് നല്‍കുന്ന പരിശീലനമെല്ലാം കണക്കാക്കുമ്പോള്‍ സൈന്യത്തിന് നഷ്ടം മാത്രമെ ഉണ്ടാവുകയുള്ളു എന്ന വിമര്‍ശനം ശക്തമായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് ജീവിതം സുരക്ഷിതമാക്കുക എന്ന യുവാക്കളുടെ സ്വപ്നത്തെ അട്ടിമറിക്കുന്നതുമായിരുന്നു പദ്ധതി.
 
യുപി, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു. അഗ്‌നിവീര്‍ പദ്ധതി പ്രകാരം കാലാവധി അവസാനിച്ച് തിരിച്ചെത്തുന്നവര്‍ക്ക് ആനുകൂല്യങ്ങളോ തൊഴില്‍ സ്ഥിരതയോ ഇല്ലാതെയാകുന്നത് തിരിച്ചടി ആകുമെന്ന് കണക്കിലെടുത്താണ് യുപി തിരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കേന്ദ്രം പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്തിയത്.
 
 ഡിസംബറോടെയാണ് അഗ്‌നിപഥിന്റെ ആദ്യ ബാച്ചിലെ 18,000 പേരുടെ 4 വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നത്. ഇതോടെ 4 വര്‍ഷ സര്‍വീസിന് ശേഷം പുറത്തുപോകേണ്ട 75 ശതമാനത്തിനും 2 വര്‍ഷ സര്‍വീസ് നീട്ടി ലഭിക്കും. 25 ശതമാനം പേര്‍ക്ക് മാത്രം സ്ഥിരനിയമനം ലഭിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. നിലവില്‍ 2 വര്‍ഷം അധികസേവനം ലഭിക്കുന്ന ഭൂരിപക്ഷത്തിനും സ്ഥിരനിയമനം ലഭിക്കും.
 
 അതേസമയം കേന്ദ്രം വലിയ രീതിയില്‍ കൊണ്ടുവന്ന പദ്ധതിയില്‍ പൂര്‍ണ്ണമായ യൂടേണാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പദ്ധതി പുനഃപരിശോധിക്കണമെന്നുള്ള രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ ശരിവെയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ അഗ്‌നിപഥ് പദ്ധതി തിരിച്ചടിയായതായി ബിജെപി നേരത്തെ വിലയിരുത്തിയിരുന്നു. ഇതോടെയാണ് യുപി തിരെഞ്ഞെടുപ്പിന് മുന്‍പായുള്ള യൂടേണ്‍. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?, അന്വേഷണം വേണമെന്ന് സ്റ്റാലിൻ