സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 6 ജനുവരി 2026 (17:30 IST)
ന്യൂഡല്‍ഹി: പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് 15 വയസ്സുകാരനെയും അംബാലയില്‍ നിന്ന് ഒരു കരാറുകാരനെയും അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുവെച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഐസിസ്, പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ കുട്ടി പങ്കിട്ടതായി പഞ്ചാബ് പോലീസ് പറഞ്ഞു.
പത്താന്‍കോട്ടിലെ സഞ്ജീവ് കുമാറെന്ന കുട്ടിയാണ് പിടിയിലായത്. പാകിസ്ഥാന്‍ ഭീകരര്‍ സോഷ്യല്‍ മീഡിയയിലൂടെ കുട്ടിയുമായി ബന്ധപ്പെട്ടിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അവര്‍ കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് പത്താന്‍കോട്ട് എസ്എസ്പി (സീനിയര്‍ പോലീസ് സൂപ്രണ്ട്) ദല്‍ജീന്ദര്‍ സിംഗ് ദില്ലണ്‍ പറഞ്ഞു. പാകിസ്ഥാന്‍ ഏജന്‍സികളുടെ കെണിയില്‍ കുട്ടി വീണുപോയെന്നും അച്ഛന്‍ മരിച്ചതിന് തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വര്‍ഷത്തോളമായി പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായി കുട്ടിക്ക് ബന്ധമുണ്ടെന്ന് എസ്എസ്പി പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചതിന് ഹരിയാനയിലെ അംബാലയില്‍ നിന്നാണ് കരാറുകാരനെ അറസ്റ്റ് ചെയ്തത്. 2020 മുതല്‍ വ്യോമസേനാ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കോണ്‍ട്രാക്ടറാണ് സുനില്‍.
വ്യോമസേനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പങ്കിടുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഇതില്‍ സംശയാസ്പദമായ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനിലെ ഒരു സ്ത്രീയുമായി സുനിലിന് ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുനില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നിലവില്‍ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് പോലീസ് പറഞ്ഞു.