വിമാന യാത്രക്കാർക്ക് തിരിച്ചടി; എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു, പുതുക്കിയ നിരക്ക് ഏപ്രിൽ 8 മുതൽ

ഇന്‍ഡിഗോയ്ക്ക് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഈ വിമാനക്കമ്പനികളും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Air India
Air India
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (16:56 IST)
വിമാനയാത്രക്കാര്‍ക്ക് അധികബാധ്യതയേകി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്‍ഡിഗോയ്ക്ക് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഈ വിമാനക്കമ്പനികളും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 8 ബുധനാഴ്ച രാവിലെ 9.01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിമാന ഇന്ധനത്തിന്റെ (ATF) വില കുതിച്ചുയര്‍ന്നതാണ് നിരക്ക് വര്‍ധനയ്ക്ക് കാരണം.

മുമ്പ് എല്ലാ ആഭ്യന്തര റൂട്ടുകളിലും ദൂരവ്യത്യാസമില്ലാതെ 399 രൂപയായിരുന്നു സര്‍ചാര്‍ജ്. ഇത് ദൂരത്തിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന രീതിയില്‍ പരിഷ്‌കരിച്ചു.

0-500 കി.മീ: 299 രൂപ
501-1000 കി.മീ: 399 രൂപ
1001-1500 കി.മീ: 549 രൂപ
1501-2000 കി.മീ: 749 രൂപ
2000 കി.മീറ്റിന് മുകളില്‍: 899 രൂപ

ഗള്‍ഫ്-രാജ്യാന്തര യാത്രക്കാര്‍ക്ക് കനത്ത ആഘാതം

രാജ്യാന്തര റൂട്ടുകളില്‍ വലിയ തോതിലുള്ള വര്‍ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രവാസി മലയാളികളെ ബാധിക്കുന്ന ഗള്‍ഫ് റൂട്ടുകളില്‍ നിലവിലുണ്ടായിരുന്ന 10 ഡോളര്‍ സര്‍ചാര്‍ജ് 50 ഡോളറായി (ഏകദേശം 4100 രൂപ) ഉയര്‍ത്തി.

യൂറോപ്പ്/ബ്രിട്ടന്‍: 125 ഡോളറില്‍ നിന്ന് 205 ഡോളറായി വര്‍ധിച്ചു.
നോര്‍ത്ത് അമേരിക്ക/ഓസ്‌ട്രേലിയ: 200 ഡോളറില്‍ നിന്ന് 280 ഡോളറായി ഉയര്‍ന്നു.

യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ 10ന് പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമാകും. ബംഗ്ലാദേശ്, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതിയ നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. ഏകദേശം ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയുണ്ടാകാന്‍ ഈ തീരുമാനം കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :