'ഇതാ അണക്കെട്ടു തകർത്തവർ, അറസ്റ്റ് ചെയ്യൂ'; മന്ത്രി പറഞ്ഞ 'പ്രതികളുമായി' എൻസിപി നേതാവ് പൊലീസ് സ്റ്റേഷനിൽ

അണക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എൻസി‌പി നേതാവ് ജിതേന്ദ്ര അഹാദ് സ്റ്റേഷനിൽ എത്തിയത്.

Last Modified ശനി, 6 ജൂലൈ 2019 (12:55 IST)
മഹാരാഷ്ട്രയിൽ അണക്കെട്ടു തകരാൻ കാരണക്കാരെന്നു മന്ത്രി പറഞ്ഞ ഞണ്ടുകളുമായി പൊലീസ് സ്റ്റേഷനിലെത്തി എൻസി‌പി നേതാവ്. അണക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എൻസി‌പി നേതാവ് ജിതേന്ദ്ര അഹാദ് സ്റ്റേഷനിൽ എത്തിയത്.

കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ടിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഡാം തകർന്ന് 14 ലധികം ആളുകൾ മരിച്ചിരുന്നു. അണക്കെട്ടിലെ പൊട്ടലിനു കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത് ഇന്നലെ വാർത്താ സമ്മേളത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം ഏറെ വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു.
നേരത്തെ ഇവിടെ ചോർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നും സാവന്ത് പറഞ്ഞു.


നാട്ടുകാർ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും സാവന്ത് പറഞ്ഞു. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തൽ.

ഇതിനിടെ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 ഓളം വീടുകളാണ് അപകടത്തിൽ ഒലിച്ചു പോയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :