കരാര്‍: സംയുക്ത സമിതി ഇല്ല

PTIPTI
ഇന്തോ-യുഎസ് ആണവ കരാറിനെ കുറിച്ച് പഠിക്കാന്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിക്കണം എന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു.

പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്ന അവസരത്തില്‍ സഭയ്ക്ക് പുറത്ത് യുപി‌എയും ഇടത് കക്ഷികളും ചേര്‍ന്ന് കരാറിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചതിനെ എന്‍ഡി‌എ പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്തു. എന്നാല്‍, സമിതി രൂപീകരണം പാര്‍ട്ടികള്‍ക്ക് ഇടയില്‍ മാത്രമുള്ള കാര്യമാണെന്നായിരുന്നു വിദേശകാ‍ര്യ മന്ത്രി പ്രണാബ് മുഖര്‍ജിയുടെ വാദം.

സമിതി പ്രശ്നത്തെ ചൊല്ലി ഇരു സഭകളും വെള്ളിയാഴ്ച ബഹളം നിറഞ്ഞ രംഗങ്ങള്‍ക്ക് സാക്‍ഷ്യം വഹിച്ചു. എന്‍ഡി‌‌എയ്ക്ക് ഒപ്പം മൂന്നാം മുന്നണിയും സഭയ്ക്ക് പുറത്തുള്ള സമിതി രൂപീകരണത്തെ എതിര്‍ത്തു. ലോക്‌സഭയില്‍ ബി ജെ പി ഇത് സംബന്ധിച്ച് അവകാശ ലംഘന പ്രമേയം കൊണ്ട് വരികയും ചെയ്തു.

എന്നാല്‍, സംയുക്ത പാര്‍ലമെന്‍റ് സമിതി എന്ന ആവശ്യം പ്രണാബ് മുഖര്‍ജി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര കരാറുകള്‍ പാര്‍ലമെന്‍റിന്‍റെ പരിശോധനയ്ക്ക് വിടുന്ന കീഴ്വഴക്കം ഇല്ലെന്നായിരുന്നു പ്രണാബ് ചൂണ്ടിക്കാണിച്ചത്.

തുടര്‍ന്ന് മൂന്നാം മുന്നണിയും എന്‍ ഡി എയും സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു എന്ന മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ ബഹളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് സഭ നിര്‍ത്തി വയ്ക്കേണ്ടതായി വന്നു.

രാജ്യസഭയിലും ഇതേ ആവശ്യ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തി.
ന്യൂഡല്‍ഹി| PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :