വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വീടുവിട്ടോടി; കോടീശ്വരിയായി തിരിച്ചെത്തി!

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ഇഷ്ടമല്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വീടുവിട്ട് പോകുക. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം കോടീശ്വരിയായി മടങ്ങിയെത്തുക. ഒരു സിനിമാ തിരക്കഥയല്ല പറഞ്ഞുവരുന്നത്, ജീവിത യാഥാര്‍ത്ഥ്യമാണ്. വിവാഹത്തിനുള്ള നിര്‍ബന്ധം സഹിക്കവയ്യാതെ പതിനേഴാം വയസ്സില്‍ വീടുവിട്ടോടിയ ആ പെണ്‍കുട്ടി പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി, 30 വര്‍ഷങ്ങള്‍ക്ക് ശേഷം കോടീശ്വരിയായി മടങ്ങിയെത്തുന്നു- ഛന്ദ സാവേരി എന്ന ബിസിനസ്സ് വനിതയുടെ ജീവിതമാണിത്. ഇപ്പോള്‍ ആക്ടിവേറ്റര്‍ എന്ന യു എസ് കമ്പനിയുടെ സിഇഓ ആയിരിക്കുന്ന ഛന്ദാ സാവേരിയ്ക്ക് തികച്ചും വിഭിന്നമായ ഒരു ഭൂതകാലം ഉണ്ട്.

കൊല്‍ക്കത്തയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ആണ് ഛന്ദ ജനിച്ചുവളര്‍ന്നത്. 1984ല്‍, അവള്‍ക്ക് 17 വയസ്സ് ആയപ്പോള്‍ തന്നെ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ഇഷ്ടമല്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കാന്‍ താന്‍ തയ്യാറല്ലെന്ന് അവള്‍ അമ്മയോട് തീര്‍ത്തുപറഞ്ഞു. തന്റെ വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ച് അവള്‍ക്ക് തികഞ്ഞ നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു.

ഇതിനിടെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ വച്ച് ഛന്ദ വിദേശികളായ ദമ്പതികളെ പരിചയപ്പെട്ടിരുന്നു. ഛന്ദ ബോസ്റ്റണില്‍ എത്തിയാല്‍ അവളുടെ തലവര തന്നെ മാറുമെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നും അവര്‍ ഉറപ്പുനല്‍കി. പക്ഷേ യാത്ര പുറപ്പെടാന്‍ പണമുണ്ടായിരുന്നില്ല. അങ്ങനെ തന്റെ കമ്മല്‍ ഊരി വില്‍ക്കാന്‍ അവള്‍ തീരുമാനിച്ചു. കമ്മല്‍ വിറ്റ കാശുകൊണ്ട് ബ്രിട്ടിഷ് എയര്‍വേസില്‍ ബോസ്റ്റണിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. കൈയില്‍ മൂന്ന് സാരികളും കരുതി അവള്‍ യാത്ര പുറപ്പെട്ടു.

നാട്ടില്‍ വച്ച് പരിചയപ്പെട്ട വിദേശികള്‍ പിന്നീട് അവള്‍ക്ക് വീട്ടുകാരായി മാറി. വൃദ്ധര്‍ കഴിയുന്ന വീടുകളില്‍ ജോലി ചെയ്താണ് ഛന്ദ പണം ഉണ്ടാക്കിയത്. ഇടയ്ക്ക് വേറെയും ജോലികള്‍ ചെയ്തു. ഇതോടൊപ്പം പഠനവും തുടര്‍ന്നു. ഒടുവില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ബയോകെമിസ്ട്രിയില്‍ ഗവേഷണം ചെയ്തു.

ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ആക്ടിവേറ്റര്‍ എന്ന സ്കിന്‍ കെയര്‍ കമ്പനിയുടെ സി ഇ ഒയാണ് ഛന്ദ ഇപ്പോള്‍. നാല് പേന്റെന്റുകള്‍ കമ്പനി നേടിയിട്ടുണ്ട്. ഏറ്റവും പുതിയ ഉത്പന്നങ്ങളില്‍ നിന്ന് 100 ദശലക്ഷം ഡോളര്‍ ആണ് കമ്പനിയുടെ ടേണ്‍ഓവര്‍.

തന്റെ വഴി ഏതെന്ന് തിരിച്ചറിഞ്ഞ ഛന്ദ ജീവിതവിജയം നേടി. അവര്‍ ഇപ്പോള്‍ സ്വന്തം നാട്ടിലെത്താറുണ്ട്. തന്നെപ്പോലെ തന്റെ നാട്ടിലെ പല പെണ്‍കുട്ടികളും ഉന്നതപഠനത്തില്‍ താല്പര്യം കാട്ടുന്നുണ്ടെന്ന് അവര്‍ പറയുന്നു. പദവിയും ലിംഗവ്യത്യാസവും മറന്ന് എല്ലാവരേയും തുല്യരായി കാണുന്ന അവസ്ഥയിലേക്ക് ഇന്ത്യ മാറുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അവര്‍ പറയുന്നു.

ചിത്രത്തിന് കടപ്പാട്- ഐബിഎന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :