റീത്ത കോടതിയെ സമീപിച്ചു

ലക്‌നൗ| WEBDUNIA|
തന്‍റെ വീട് അഗ്നിക്കിരയാക്കിയ സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ ബഹുഗുണ ജോഷി അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചു. മൊറാദബാദില്‍ നടന്ന ഒരു പൊതുയോഗത്തില്‍ യു പി മുഖ്യമന്ത്രി മായാവതിക്കെതിരെ റീത്ത അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതില്‍ പ്രകോപിതരായ ബിഎസ്പി പ്രവര്‍ത്തകരാണ് റീത്തയുടെ വീടിന് നേരെ ആക്രമണം നടത്തിയതെന്നാണ് നിഗമനം.

ബി എസ് പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. റീത്തയുടെ വീടിന് തീ വച്ച കേസ് ക്രൈംബ്രാഞ്ച്‌ സിഐഡിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍, ഈ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് റീത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മായാവതി സര്‍ക്കാരിന് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും വീട് കത്തിക്കാനല്ല തന്നെ കൊല്ലാനാണ് അക്രമികള്‍ വന്നതെന്നും റീത്ത ആരോപിക്കുന്നു.

മായാവതിക്കെതിരെ പ്രസംഗിച്ചതിന് കഴിഞ്ഞ ബുധനാഴ്ച രാത്രി റീത്തയെ അറസ്റ്റു ചെയ്തിരുന്നു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് 153 എ പ്രകാരവും നിന്ദാപരമായ വാക്കുകള്‍ ഉപയോഗിച്ചതിന് ഐപിസി നൂറ്റിയൊമ്പതാം വകുപ്പ് പ്രകാരവും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും റീത്തയ്ക്കെതിരെ കേസെടുത്തിരുന്നു.

അറസ്റ്റിനു പിന്നാലെയാണ് റീത്തയുടെ വീടിനു നേരെയും വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കു നേരെയും അക്രമം ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :