മനോരോഗിയായ യുവാവ് ഏഴ് വയസുകാരിയെ കത്തി കൊണ്ട് കുത്തി കൊന്നു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെയും കുട്ടിയുടെ മുത്തശ്ശിയുടെയും മുന്നില്‍ വെച്ചായിരുന്നു യുവാവ് ബാലികയെ അക്രമിച്ചത്. പര്‍സിഗുട്ടയിലെ ഗംഗപുത്ര കോളനി നിവാസിയായ ഒന്നാം ക്ലാസുകാരിയായ പ്രിയദര്‍ശിനിയാണ് മരിച്ചത്. മുത്തശ്ശിയോടൊപ്പം ഷോലപൂറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി.
കുട്ടിയുടെ പിതാവ് ശ്രീനിവാസന് രാജ്കോട്ട എക്സ്പ്രസിന് ടിക്കറ്റ് എടുക്കാന്‍ പോയ സമയം 21 കാരനായ ബിരുദ വിദ്യാര്‍ത്ഥി കരണ്‍ കുമാര്‍ കുട്ടിയുടെ കൈകളില്‍ കടന്നു പിടിച്ച് കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. മറ്റ് യാത്രക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് യുവാവ് എല്ലാവരെയും ഭീഷണിപ്പെടുത്തി. പിന്നീട് റെയില്‍വേ പൊലീസെത്തിയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി.
പ്രിയദര്‍ശിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. ചിറ്റൂര്‍ സ്വദേശിയായ കുമാര്‍ ആരക്കോണത്ത് നിന്നും വിജയവാഡ വഴിയാണ് സെക്കന്തരാബാദില്‍ എത്തിയത്. സ്റ്റേഷന് പരിസരങ്ങളില്‍ കറങ്ങിനടന്ന യുവാവ് മുത്തശ്ശിയോടൊപ്പം കണ്ട പ്രിയദര്‍ശിനിയെ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി യുവാവിന് മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുമാര്‍ മനോരോഗിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.