അന്തരിച്ച സിപിഎം നേതാവ് ജ്യോതിബസുവിനെ ലക്ഷ്യമിട്ടുതിര്ന്ന വെടിയുണ്ട ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ശരീരത്ത് പതിച്ചില്ലായിരുന്നു എങ്കില്‍ ബസു നാല്പത് വര്‍ഷം മുമ്പ് മരിച്ചു വീഴുമായിരുന്നു. പട്നയില്‍ 1970 ല്‍ ബസുവിനു നേര്‍ക്ക് നടന്ന ആക്രമണത്തെ കുറിച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞ അവസരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ പി കെ ശുക്ല ഓര്‍മ്മിക്കുന്നു. ഒരു വാര്‍ത്താ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശുക്ല പഴയതെങ്കിലും നടുക്കുന്ന ഓര്‍മ്മ പങ്കുവച്ചത്.
1970 മാര്‍ച്ച് 31 ന് ആയിരുന്നു സിപിഎം നേതാവിനെതിരെയുള്ള കൊലപാതക ശ്രമം നടന്നത്. അന്ന് പശ്ചിമബംഗാള്‍ ഉപമുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു ഡല്‍ഹി എക്സ്പ്രസില്‍ പട്ന റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോഴായിരുന്നു അദ്ദേഹത്തെ ലക്ഷ്യമിട്ട് വെടിയുതിര്‍ന്നത്. എന്നാല്‍, അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്തു നിന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘത്തില്‍ നിന്ന് അലി എന്ന ആള് ഷേക്ഹാന്‍ഡ് നല്കാന് മുന്നോട്ട് ആഞ്ഞതും വെടിയേറ്റു വീണു.
തനിക്ക് കരുതിയ വെടിയുണ്ടയേറ്റ് പാര്‍ട്ടി പ്രവര്ത്തകന് മരിച്ചുവീണത് കണ്ട് ബസു ഞെട്ടിപ്പോയെന്നും ശുക്ല ഓര്‍മ്മിച്ചു. വെടിയേറ്റ അലി സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണു.
സംഭവസ്ഥലത്ത് താന്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ ആ ദിവസം ബസു സംബന്ധിച്ച പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നു എന്നും ശുക്ല അഭിമുഖത്തില്‍ പറഞ്ഞു.