വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മൊത്തം ചെലവാകുന്ന തുക 10,000 കോടിയോളം വരുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1995-96 വര്‍ഷത്തെ രാജ്യത്തെ മൊത്തം വിദേശ നിക്ഷേപത്തിന്റെയത്രയും വരും ഈ തുക.
ഇതില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 20 ശതമാനം തുകയാണ് ചെലവിടുക. 1300 കോടിയോളം രൂപ തെരഞ്ഞെടുപ്പ് കമ്മീഷനും ബാക്കി തുക രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായും ചെലവാക്കും. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2,000 മുതല്‍ 2,500 കോടി രൂപവരെ അനൌദ്യോഗികമായി ചെലവിടാന്‍ സാധ്യതയുണ്ട്. വോട്ടുകള്‍ വിലയ്ക്ക് വാങ്ങുന്ന കാര്യത്തില്‍ ആന്ധ്ര പ്രദേശും കര്ണ്ണാടകയുമായിരിക്കും മുന്നിലെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. ഇവിടങ്ങളില്‍ പകുതിയോളം വോട്ടര്‍മാര്‍ക്കും വോട്ടിംഗ് ദിവസത്തിന്റെ 24 മണിക്കൂര്‍ മുമ്പായി പണം നല്കി പ്രേരിപ്പിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് ബൂത്തുകള്‍ തുടങ്ങിയവയ്ക്കായി സംസ്ഥാന സര്‍ക്കാരും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും 700 കോടിയോളം രൂപ ചെലവിടും. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടി ഫണ്ടുകളില്‍ നിന്ന് മൊത്തം 1,650 കോടി രൂപയോളം ചെലവിടും. ദേശീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ 4,350 കോടിയും പ്രാദേശിക കക്ഷികളിലെ സ്ഥാനാര്‍ത്ഥികള്‍ 1,000 കോടിയും ചെലവിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.