കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ആരെയും ജയിലിലടക്കാമെന്നും അതിന് മടി കാണിക്കരുതെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് സമാജ്‌വാദിപാര്‍ട്ടി നേതാവും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായംസിംഗ് യാദവ്. താനായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ 15 ദിവസത്തിനകം മാറ്റം വരുത്തുമായിരുന്നുവെന്നും മുലായം പറഞ്ഞു.
ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കുമായിരിക്കണം ക്രമസമാധാനത്തിന്റെ ചുമതലയെന്നും ആവശ്യമെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനുമുമ്പില്‍ എല്ലാവരും തുല്യരാണ്. പിന്നെന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥരെ ജയിലില്‍ അടയ്ക്കാനാവാത്തത്. തെറ്റ് ചെയ്തത് മജിസ്‌ട്രേറ്റായാല്‍ പോലും അവരെ ജയിലിലടക്കാം.
ഭരണ കാര്യത്തില്‍ അഖിലേഷിന് മേല്‍ സമ്മര്‍ദങ്ങളില്ലെന്നും ഉപദേശം നല്‍കാറുണ്ടെങ്കിലും താനൊരിക്കലും പുത്രനുമേല്‍ സമ്മര്‍ദം ചെലുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിക്ക് ശക്തമായ അടിത്തറയാണുള്ളതെന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നവരെല്ലാം ശക്തരാണെന്നും അദ്ദേഹം പറഞ്ഞു.