മണ്ണില്‍ കുഴിച്ചിട്ട ചോരക്കുഞ്ഞിനെ 10 വയസ്സുകാരിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുത്തി. നാസികിലെ യോളയ്ക്ക് സമീപമുള്ള നഗര്സുള് ഗ്രാമത്തിലാണ് സംഭവം.
10 വയസ്സുകാരിയായ സുരക്ഷ്യയും മറ്റൊരു കുട്ടിയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര് ചേര്‍ന്ന് ചോരക്കുഞ്ഞിനെ കുഴിയില്‍ മൂടുന്നത് സുരക്ഷ്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ആളുകള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
കുഞ്ഞ് കരയുന്ന ശബ്ദം കേട്ട സുരക്ഷ്യ ഉടന്‍ തന്നെ വീട്ടിലുള്ള പിതാവിനെ വിവരം ധരിപ്പിച്ചു. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ രക്ഷിച്ച് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം കുഞ്ഞിനെ നാസികിലെ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞ് ഇപ്പോള്‍ സുഖംപ്രാപിക്കുന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.