ഓസീസില്‍ ഇന്ത്യന്‍ വിദ്യാത്ഥികളുടെ പ്രകടനം

മെല്‍ബണ്‍| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (12:07 IST)
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഓസ്ട്രേലിയയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച മെല്‍ബണില്‍ പ്രതിഷേധ പ്രകടനം നടത്തി.

പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ശരവണന്‍ എന്ന വിദ്യാര്‍ത്ഥിക്കടക്കം ആക്രമണത്തിനിരയായ എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്.

ശരവണന്‍ ചികിത്സയിലിരിക്കുന്ന റോയല്‍ മെല്‍ബണ്‍ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍റ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശരവണന് സ്ക്രൂഡ്രൈവര്‍ കൊണ്ടുള്ള കുത്തേറ്റത്.

വിക്ടോറിയന്‍ പാര്‍ലമെന്‍റിന് സമീപമാണ് റാലി അവസാനിച്ചത്. റാലിയില്‍ ഉടനീളം ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവും മുഴങ്ങിക്കേട്ടു. റാലിയെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത തടസമുണ്ടായിരുന്നു.

ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്ന ശരവണന്‍റെ വീഡിയോ ഫൂട്ടേജുകള്‍ പുറത്തുവന്നത് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് നടുക്കമായി. 95,000 ഇന്ത്യക്കാരാണ് ഓസ്ട്രേലിയയില്‍ കഴിയുന്നത്. ലോകമെമ്പാടുമുള്ള നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :