എന്‍ഡി‌എ ഭരണം ഇരുട്ടിന്‍റെ കാലം: സോണിയ

ഹരിയാന| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (19:04 IST)
എന്‍ഡി‌എ ഭരണത്തിലിരുന്ന ആറു വര്‍ഷം രാജ്യത്ത് ഇരുള്‍ നിറഞ്ഞ കാലമായിരുന്നെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. ഹരിയാനയിലെ ഹിസാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സാധാരണക്കാര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട കാലമായിരുന്നു എന്‍‌ഡി‌എ ഭരണകാലം. ആഭ്യന്തരസുരക്ഷ പോലും വെല്ലുവിളിയായിരുന്ന ഭരണത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായിരുന്നു 2004ലെ ജനവിധി. അധികാരത്തിലേറിയ അന്നുമുതല്‍ ഇന്ത്യയെക്കുറിച്ചുള്ള ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ ഓരോരുത്തരും പ്രധാനമന്ത്രിയാകാനുള്ള തിരക്കിലാണെന്ന് പറഞ്ഞ സോണിയ ഇത് ഒരു ഫാഷനായി മാറിയതായും ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസ് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മാത്രമേ ഉയര്‍ത്തിക്കാട്ടിയിട്ടുള്ളുവെന്ന് മന്‍‌മോഹന്‍സിംഗിന്‍റെ പേര് പരാമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ പറഞ്ഞു.

ഹരിയാനയെ ഒരു വികസിത സംസ്ഥാനമെന്ന് വിശേഷിപ്പിച്ച സോണിയ ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ന്നും സംസ്ഥാനത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് മുമ്പില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :