രാമ സേതു പ്രശ്നത്തില്‍ തിങ്കളാഴ്ച തമിഴ് നാട് ബന്ത് നടത്താനുളള ഡി എം കെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷമായ എ ഐ എ ഡി എം കെ സുപ്രീം കോടതിയെ സമീപിച്ചു. ബന്ത് നടത്താനുള്ള നീക്കത്തില്‍ നിന്ന് ഡി എം കെ യെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീം കോടതി ഞായറാഴ്ച പരിഗണിക്കും. അവധി ദിനമായ ഞായറാഴ്ച സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തുകയാണ്.
ബന്ത് നടത്താനുളള ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിഭാഷകനായ സുബ്രമണ്യ പ്രസാദ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഇ മധുസൂദനന് ചൂണ്ടിക്കാട്ടിയത്.നേരത്തേ ഉള്ള സുപ്രീം കോടതി ഉത്തരവുകളെ ലംഘിക്കുന്നതാണെന്നാണ് ബന്താഹ്വാനം എന്നാണ് മറ്റൊരു വാദം.
സേതു സമുദ്രവുമായി ബന്ധപ്പെട്ട പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ബന്തിന് ആഹ്വാനം ചെയ്തത് ശരിയല്ലെന്നാണ് ഹര്ജിക്കാരന് പറയുന്നത്. ഒക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ബന്ത് നടത്താനാണ് ഭരണകക്ഷിയായ ഡി എം കെയുംജ് സഖ്യകക്ഷികളും ആഹ്വാനം ചെയ്തിട്ടുള്ളത്. സേതു സമുദ്രം പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ബന്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.
നേരത്തേ, എ ഐ എ ഡി എം കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുനെങ്കിലും പ്രശ്നത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയുണ്ടായി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.