ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ല; കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേക്കുറിച്ച് തമിഴ്‌നാടിന് കോടതിയില്‍ മറുപടി പറയാനായില്ല.
ജസ്റ്റിസ് എഎസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ പ്രധാന വാദം. എന്നാല്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും പ്രഥമ ദൃഷ്ട്യാതന്നെ അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
യഥാര്‍ത്ഥ വസ്തുതയിലേക്ക് എത്താന്‍ കോടതിയെ സഹായിക്കുന്നതിനുള്ള സംവിധാനം മാത്രമായിരുന്നു ഉന്നതാധികാര സമിതിയെന്നും കോടതി അഭിപ്രായപ്പെട്ടു. 1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ 999 വര്‍ഷത്തെ കരാര്‍ മുന്‍നിര്‍ത്തിയാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ഈ കരാറില്‍ തമിഴ്‌നാട് എവിടെയാണ് വരുന്നതെന്ന് ജസ്റ്റിസ് ആര്‍എം ലോധ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.
1886ല്‍ തിരുവിതാംകൂര്‍ രാജവംശവും ബ്രിട്ടീഷ്‌സര്‍ക്കാരും തമ്മിലുള്ള കരാര്‍ സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലുള്ള കരാറായാണ് മാറേണ്ടത്. ഇതില്‍ തമിഴ്‌നാടിന് യാതൊരു പങ്കുമില്ല. 1970ല്‍ കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയ കരാര്‍ മാത്രമാണ് പ്രാബല്യത്തിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തമിഴ്‌നാട് മുന്നോട്ടുവെക്കുന്ന ജലകാരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യം തമിഴ്‌നാട് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ തമിഴ്‌നാടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിനോദ് ബോബ്‌ഡേയാണ് ഹാജരായത്. കേസില്‍ വാദം തുടരുകയാണ്. കേരളത്തിന്റെ വാദം അടുത്ത ആഴ്ചമാത്രമെ ആരംഭിക്കും.