ആക്രമണം: നടപടിയെടുക്കുമെന്ന് ഓസ്ട്രേലിയ

മെല്‍ബണ്‍| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (16:52 IST)
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം സര്‍ക്കാരിനു മുന്നിലെ ഒരു പ്രശ്നമാണെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി സ്റ്റീഫന്‍ സ്മിത്ത്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എല്ലാ നടപടികളും സ്വികരിക്കുമെന്നും സ്മിത്ത് പറഞ്ഞു.

‘നെറ്റ്‌വര്‍ക്ക് ടെണ്‍’ എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഗൌരവതരമായാണ് സര്‍ക്കാര്‍ കാണുന്നത് എന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യുമെന്നും സ്മിത്ത് പറഞ്ഞത്.

ഓസ്ട്രേലിയയില്‍ വളരെ കുറച്ച് ക്രിമിനല്‍ സംഭവങ്ങളേ നടക്കാറുള്ളൂ. ഇന്ത്യയെയും ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെയും തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ചെയ്യും. അക്രമ സംഭവങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടുതല്‍ അടുത്ത് സഹകരിക്കുകയാണ്. കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സ്മിത്ത് പറഞ്ഞു.

80,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓസ്ട്രേലിയയിലുള്ളത്. വംശീയ വിദ്വേഷത്തിന് ഇരയായ ശരവണന്‍ എന്ന വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഒരുമാസക്കാലമായി നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ ആക്രമണത്തിന് ഇരയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :