മടക്കം സ്വപ്നം കാണുന്നു: എം എഫ് ഹുസൈന്‍

ലണ്ടന്‍| WEBDUNIA|
ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് എപ്പോഴും സ്വപ്നം കാണാറുണ്ട് എന്ന് വിവാദങ്ങളുടെ കൂട്ടുകാരനായ ചിത്രകാരന്‍ എം എഫ് ഹുസൈന്‍. ലണ്ടനില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹുസൈന്‍ മടക്കത്തെ കുറിച്ചുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഒരിക്കലും മടങ്ങി വരില്ല എന്ന് പറഞ്ഞിട്ടില്ല. തനിക്ക് മടങ്ങിയെത്തുന്നതില്‍ ഒരു വിലക്കുമില്ല എന്ന് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാണ്. എന്നാല്‍, മടക്കത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ഹുസൈന്‍ പറഞ്ഞു.

ഇപ്പോള്‍ ദുബായിലും ലണ്ടനിലുമായി കഴിയുന്ന 94 കാരനായ ഹുസൈന്‍ തന്റെ പുതിയ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്. ഇതുവരെ പേരിടാത്ത കോമഡി ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം.

ഇതിനു മുമ്പ് ഹുസൈന്റേതായി മൂന്ന് ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. “ ചിത്രകാരന്റെ കണ്ണുകളിലൂടെ” എന്ന ആത്മകഥാപരമായ ആദ്യ ചിത്രം ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ ബഹുമതി നേടി. ഗജഗാമിനി എന്ന ചിത്രത്തില്‍ ഹുസൈന്‍ ആരാധിക്കുന്ന മാധുരി ദീക്ഷിതാണ് പ്രധാന വേഷത്തിലെത്തിയത്. തബു പ്രധാന വേഷത്തിലെത്തിയ ‘മൂന്ന് നഗരങ്ങളുടെ കഥ‘ ആയിരുന്നു മൂന്നാമത്തെ ചിത്രം.

ഹിന്ദു ദൈവങ്ങളെ നഗ്നരായി ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചതിന് ഹരിദ്വാര്‍ കോടതിയില്‍ ഹുസൈനെതിരെ കേസ് നിലവിലുണ്ടായിരുന്നു. വി എച്ച് പി അടക്കം വിവിധ ഹിന്ദു സംഘടനകള്‍ ഹുസൈനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സമന്‍സുകള്‍ അവഗണിച്ചതിന് കോടതി നിര്‍ദ്ദേശപ്രകാരം ഹുസൈന്റെ മുംബൈയിലെ സ്വത്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, പൊതുജന വികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിന് ഹുസൈനെതിരെ ക്രിമിനല്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയത് ഹുസൈന് തുണയാവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :