സഹസ്രാബ്‌ദ ലക്‍ഷ്യങ്ങള്‍ കൈവരിക്കില്ലെന്ന്

ലണ്ടന്‍| WEBDUNIA|
ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുക, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ യു.എന്നിന്‍റെ സഹസ്രാബ്‌ദ ലക്‌ഷ്യങ്ങള്‍ ഇന്ത്യക്കും മറ്റു രാജ്യങ്ങള്‍ക്കും 2015 ഓടെ കൈവരിക്കുവാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു. ലണ്ടനില്‍ ‘ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ നിരക്കിലുള്ള വളര്‍ച്ച തുടരുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് യു.എന്നിന്‍റെ സഹസ്രാബ്‌ദ ലക്‍ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കഴിയുകയില്ല. ആഫ്രിക്കയില്‍ ഒരു ദിവസം 2000 കുട്ടികള്‍ മലേറിയ കൊണ്ടു മാത്രം മരിക്കുന്നു. ഇക്കാര്യത്തില്‍ ആഫ്രിക്കക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇന്ത്യ ആഫ്രിക്കയെ വളരെയധികം സഹായിച്ചു വരുന്നു. കുറഞ്ഞ വിലക്ക് ജീവന്‍ രക്ഷ ഔഷധങ്ങള്‍ ഇന്ത്യ ആഫ്രിക്കക്ക് നല്‍കുന്നുണ്ട്.

മറ്റു പല മേഖലകളിലും ഇന്ത്യ ആഫ്രിക്കയുമായി സഹകരിച്ചു വരുന്നു. ആഫ്രിക്കയുമായുള്ള കച്ചവടം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാമെന്ന് ഇന്ത്യ പ്രതിക്ഷിക്കുന്നു. ആഫ്രിക്കക്ക് അനുയോജ്യമായ നിരവധി സാങ്കേതിക വിദ്യകള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. മെഡിസിന്‍, എന്‍‌ജീനിയറിങ്ങ്, നിയമം തുടങ്ങിയ മേഖലകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നു‘- ആനന്ദ് ശര്‍മ്മ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :