ബലൂചിസ്ഥാന്‍: ഇന്ത്യക്കെതിരെ തെളിവില്ലെന്ന് ഹോള്‍ബ്രൂക്ക്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (09:59 IST)
ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ഇടപെടല്‍ ഉണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചു എങ്കിലും അതിനെ പിന്തുണയ്ക്കുന്ന വിശ്വാസ്യമായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല എന്ന് അമേരിക്കയുടെ പാക്-അഫ്ഗാന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക്.

കഴിഞ്ഞ ആഴ്ച നടത്തിയ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഹോള്‍ബ്രൂക്ക് ബലൂചിസ്ഥാന്‍ വിഷയത്തെ കുറിച്ച് പറഞ്ഞത്. പാകിസ്ഥാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്കെതിരെ ആരോപണം ഉണ്ടായി എന്ന് അമേരിക്കന്‍ പ്രതിനിധി വ്യക്തമാക്കി.

ബലൂചിസ്ഥാനില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് പങ്ക് ഉണ്ട് എന്നതിന് പാകിസ്ഥാന്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നോ എന്ന ചോദ്യത്തിന് “ഇല്ല” എന്ന മറുപടി മാത്രമാണ് ഹോള്‍ബ്രൂക്ക് നല്‍കിയത്. ഇതെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയതുമില്ല.

ഇന്ത്യയുമായി അഭിപ്രായ വ്യത്യാ‍സമൊന്നുമില്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിക്കുന്നു എന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു. എന്നാല്‍, കശ്മീര്‍ വിഷയം തന്റെ പരിധിക്ക് പുറത്തായതിനാല്‍ അഭിപ്രായം പറയാനാവില്ല എന്ന് അമേരിക്കന്‍ പ്രതിനിധി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :