ഖുശ്ബുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്: അഭിഭാഷക

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 20 ജനുവരി 2010 (11:24 IST)
PRO
ചാരിത്ര്യത്തെ കുറിച്ചും വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ചും തമിഴ് സിനിമാ താരം ഖുശ്ബു നടത്തിയ വിവാദ പ്രസ്താവനകളെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യമായി കാണണമെന്ന് അവരുടെ അഭിഭാഷക. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഖുശ്ബു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഭിഭാഷക പിങ്കി ആനന്ദ് തന്റെ കക്ഷിയുടെ സ്വാതന്ത്ര്യത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഖുശ്ബു ഇംഗ്ലീഷ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ എയിഡ്സിനെ കുറിച്ചും വിവാഹപൂര്‍വ ബന്ധത്തെ കുറിച്ചും മാത്രമാണ് ചോദിച്ചതെന്ന് പറഞ്ഞ അഭിഭാഷക അഭിമുഖത്തിന്റെ ഒരു ഭാഗം കോടതിയില്‍ വായിച്ചു-“ വിദ്യാഭ്യാസമുള്ള ആരും തന്റെ വധു കന്യകയായിരിക്കണമെന്ന് നിര്‍ബന്ധം‌പിടിക്കില്ല”. എന്നാല്‍, ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനത്തിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കാന്‍ അഭിമുഖത്തിന്റെ വിശദ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഖുശ്ബു ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തെ കുറിച്ചുള്ള വാര്‍ത്ത ഒരു തമിഴ് ദിനപ്പത്രത്തില്‍ വന്നതാണ് വിവാദമായത്. ഇതെതുടര്‍ന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖുശ്ബുവിനെതിരെ 23 പരാതികള്‍ ഫയല്‍ ചെയ്തിരുന്നു. പരാതികളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഖുശ്ബു സുപ്രീംകോടതിയെ സമീപിച്ചത്.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിചാരണ കോടതികളില്‍ തനിക്കെതിരെ നല്‍കിയിരിക്കുന്ന കേസുകളില്‍ നടപടിയെടുക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2005 ല്‍ ആണ് ഖുശ്ബു സുപ്രീംകോടതിയെ സമീപിച്ചത്. അതിനുമുമ്പ് ഇതേ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തമിഴ് മാധ്യമം ഖുശ്ബുവിന്റെ പ്രസ്താവന ദുരുദ്ദേശപരമായി വളച്ചൊടിക്കുകയായിരുന്നു എന്നാണ് അവരുടെ അഭിഭാഷകയുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :