മധുരവും ഗംഭീരവുമായ പഞ്ചാരിമേളം

എ കെ ജെ അയ്യര്‍

panchari Melam  by Mattannoor Sankarankutti
PROPRO
ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവാദ്യമാണ് ചെണ്ട. ചെണ്ടമേളങ്ങളില്‍ ഏറ്റവും ഹൃദ്യമായതും പ്രധാനമായതും പഞ്ചാരിമേളമാണ്. ഏറ്റവും ശാസ്ത്രീയമായതും, കാതിനിമ്പമുള്ളതുമാണ് പഞ്ചാരി.

ഇതിന്‍റെ സവിശേഷത ഈ മേളം ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മാത്രമേ നടത്തു എന്നതാണ്.പാണ്ടിമേളം, തായമ്പക,പഞ്ചവാദ്യം( ഇതില്‍ ചെണ്ടയില്ല) എന്നിവയാണ് കെരളത്തിലെ മറ്റു പ്രധാന താളമേളങ്ങള്‍.

ചെണ്ടമേളത്തിന്‍റെ എല്ലാ സവിശേഷതകളും ഗാംഭീര്യവും പഞ്ചാരി മേളത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു. കനമുള്ള കോലും തോല്‍പ്പറ്റുള്ള കൈയും പഞ്ചാരിക്ക് ആവശ്യമാണ് എന്നു പറയാറുണ്ട്. പഞ്ചാരി മേളം കൊട്ടുമ്പോള്‍ ഇടതുകൈയില്‍ ചെണ്ടക്കോല്‍ പാടില്ലെന്നാണ് നിയമം, അതാണ് പതിവ്.

മറ്റ് ചെണ്ടമേളങ്ങളെല്ലാം നാലു നില (നാലു കാലം) കൊട്ടാനുള്ള സംവിധാനമേയുള്ളൂ. പഞ്ചാരിയാവട്ടെ അഞ്ച് കാലം കൊട്ടാന്‍ പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ നേരം കൊട്ടാനുള്ള സൌകര്യവും കൂടുതല്‍ വൈചിത്ര്യവും വൈവിദ്ധ്യവും ആവിഷ്കരിക്കാനുള്ള അവസരവും പഞ്ചാരി മേളത്തില്‍ ധാരാളമുണ്ട്.

ചെണ്ടയുടെ ശബ്ദമാധുര്യവും ഗാംഭീര്യവും ഒത്തിണങ്ങുന്നതാണ് പഞ്ചാരി. പാണ്ടിമേളമോ മറ്റ് മേളങ്ങളോ കലാശിച്ചാല്‍ അല്‍പ്പ സമയമെങ്കിലും പഞ്ചാരി കൊട്ടുന്ന പതിവ് പലയിടത്തുമുണ്ട്.

കണക്കിനും ചിട്ടയിലും സംവിധാനത്തിലും പ്രയോഗ രീതിയിലുമെല്ലാം പഞ്ചാരിമേളം മറ്റ് ചെണ്ടമേളങ്ങളേക്കാള്‍ മികച്ചതും മാതൃകയായി നില്‍ക്കുന്നതുമാണ്. പഞ്ചാരി കാലമിട്ട് കൊട്ടാറായ ഒരാള്‍ക്ക് മറ്റ് മേളങ്ങളെല്ലാം എളുപ്പമായിരിക്കും.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :