പി, കേരളം പോലൊരു കവി

WEBDUNIA|
കേരളം പോലൊരു കവി, അതായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിലെന്ന പോലെ കവിതകളില്‍ സൗന്ദര്യത്തിന്‍റെ ധാരാളിത്തം നിറച്ച കവി കടന്നു പോയിട്ട് 2007 മെയ് 27 ന് 30 വര്‍ഷം തികഞ്ഞു.

കേരളത്തിന്‍റെ സൗന്ദര്യം വായനക്കാരിലേക്ക് പടര്‍ത്താന്‍ പിയുടെ ഏതാനും വരികള്‍ മതിയാകും. സംസ്കൃതത്തിന്‍റെ ആഢ്യത്വത്തിനു കീഴടങ്ങാതെ മലയാളത്തിന്‍റെ നിര്‍മ്മലമായ ലാളിത്യത്തില്‍ വിരിയിച്ചവയാണ് അദ്ദേഹത്തിന്‍റെ കവിതകള്‍.

കേരളത്തിലെ പ്രകൃതിസൗന്ദര്യം, ക്ഷേത്രാന്തരീക്ഷം, പരന്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും , ദേവതാ സങ്കല്പങ്ങള്‍, പുരാണകഥകള്‍, പരന്പരാഗത കലകള്‍ തുടങ്ങിയവ മിക്ക കവിതകളിലും പ്രതിപാദ്യങ്ങളായോ പ്രതീകങ്ങളായോ ധ്വന്യാത്മക കല്പനകളായോ പ്രത്യപ്പെടുന്നു. കല്പനകളുടെ അനര്‍ഗളപ്രവാഹമാണ് പി. കവിതകളുടെ പ്രത്യേകത.

1906 ഒക് റ്റോബര്‍ 25 ന് -1082 തുലാത്തിലെ തിരുവോണ നാളില്‍- കാഞ്ഞങ്ങാട്ടാണ് പി. കുഞ്ഞിരാമന്‍ നായരുടെ ജനനം. നിലേശ്വരം, പട്ടാന്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ സംസ്കൃത പഠനം നടത്തി. ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു.

1925-35 കാലഘട്ടങ്ങളില്‍ വൈഷ്ണവ ഭക്തിപ്രധാനങ്ങളായ ശ്രീരാമചരിതം, ഭദ്രദീപം, അനന്തകാട്ടില്‍, താരമാല എന്നീ കൃതികള്‍ രചിച്ചു. മധ്യവസ്സായപ്പോള്‍ മുതല്‍ നാടോടിയായി. ഗുരുവായൂര്‍,തിരുവനന്തപുരം തുടങ്ങിയ സങ്കേതങ്ങളില്‍ മാറി മാറി കഴിഞ്ഞുകൂടി.

ഒട്ടേറെ കവിതാസമാഹാരങ്ങള്‍ക്കും പുറമെ കഥാഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, നാടകങ്ങള്‍ എന്നിവയും ആത്മകഥയും രചിച്ചിട്ടുണ്ട്. കളിയച്ഛന്‍ , താരമത്തോണി എന്നീ കവിതാ സമാഹാരങ്ങള്‍ക്ക് യഥാക്രമം കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

രഥോത്സവം എന്ന പേരില്‍ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്. വയല്‍ക്കരയില്‍, പൂക്കളം, നീരഞ്ജനം എന്നിവയാണ് മറ്റ് സമാഹാരങ്ങള്‍. കവിയുടെ കാല്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നിവ ആത്മകഥാപരമായ കൃതികളാണ്.

തിരുവനന്തപുരത്തെ സി പി സത്രത്തില്‍ 1978 മെയ് 27 ന് അനാഥന്‍റേതെന്ന പോലെ ആ ജീവിതം അവസാനിച്ചു. യാത്രകള്‍ നിറഞ്ഞതായിത്ധന്നു പിയുടെ കാവ്യജീവിതം. കവിതയുടെ, സൗന്ദര്യത്തിന്‍റെ പൂര്‍ണ്ണത തേടിയുള്ള ആ യാത്രകളിലൊന്ന് ഭൂമിക്കുമപ്പുറത്തേക്ക് നീണ്ടു. ആ അവസാന യാത്രയില്‍ കവിതയുടെ സൗന്ദര്യ പൂര്‍ണ്ണിമ അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :