മലയാറ്റൂരിന്‍റെ വേരുകള്‍

WEBDUNIA|
ഉര്‍വ്വരത തേടി മണ്ണിലേക്ക് ആണ്ടിറങ്ങിയപ്പോയ വേരുകള്‍ ഇവിടെയാണ്. ജീവിതത്തിന്‍റെ വസന്തകാലങ്ങള്‍ തേടിപ്പോയ ഒരു എഴുത്തുകാരന്‍റെ വേരുകള്‍. തോട്ടുവായിലുള്ള പുതിയടത്ത് മഠത്തിലാണ് ആ വേരുകള്‍.

മരണം പോലും നേരത്തെ കുറിച്ചുവച്ച മലയാറ്റൂര്‍ രാമകൃഷ്ണനറിയാമായിരുന്നിരിക്കണം, 1997 നു ശേഷമുള്ള ജന്മദിനങ്ങള്‍ തന്‍റെ അഭാവത്തിലായിരിക്കുമെന്ന്.അക്കൊല്ലം ഡിസംബര്‍ 27 ന് ആയിരുന്നു മലയാറ്റൂരിന്‍റെ മരണം.

മലയാറ്റൂര്‍ ജനിച്ചത് പാലക്കാട് കല്‍പാത്തിയിലായിരുന്നെങ്കിലും തോട്ടുവായിലെ പുതിയടത്ത് മഠത്തിലായിരുന്നു ബാല്യവും കൗമാരവും. രാമു പേപ്പട്ടി കടിയേറ്റ് മരിച്ചതും ഗണപതിപാട്ടാ സണ്‍ലൈറ്റ് ദൈവങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുതുമൊക്കെ ഇവിടെയായിരുന്നു.

അതെ, എഴുത്തുകാരനും ഭരണതന്ത്രജ്ഞനും കാര്‍ട്ടൂണിസ്റ്റും ചലച്ചിത്രകാരനുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വേരുകള്‍ ഇവിടെയാണ്. പ്രശസ്തമായ വേരുകളുടെ പിറവിയും ഇവിടെയാണ്.

ഒന്നാം റാങ്കോടെ ബിരുദമെടുത്ത മലയാറ്റൂര്‍ അഭിഭാഷകനും പിനീട് മജിസ്ര്സേറ്റുമായ ശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. സബ് കളക്ടറായും കളക്ടറായും ഗവണ്മെന്‍റ് സെക്രട്ടറിയായും റവന്യൂ ബോര്‍ഡംഗമായുമൊകെ സേവനമനുഷ്ഠിച്ച ശേഷം 1981 ല്‍ സ്വമേധയാ ഔദ്യോഗിക ജീവിതത്തിന് വിരാമിടുകയായിരുന്നു.

സാഹിത്യകാരനായ മലയാറ്റൂര്‍ ഈ അക്കാദമിക, ഔദ്യോഗിക പരിവേഷങ്ങളില്‍നിന്നൊകെ വേറിട്ട വ്യക്തിത്വമാണ്. ശക്തവും തീവ്രവുമായ ഗദ്യ ശൈലിയിലൂടെ നവ്യമായ ഒരു സാഹിത്യ അനുഭവമാണ് അദ്ദേഹം അനുവാചകര്‍ക്ക് നല്‍കിയത്, അനശ്വരമായ രചനകളിലൂടെ ഇന്നും നല്‍കിക്കൊണ്ടിരിക്കുന്നത്.

ഗൗരവമേറിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിശാലമായ ക്യാന്‍വാസുകളുള്ള നോവലുകള്‍ക്കൊപ്പം ചെറുകഥകളും ഹാസ്യരസ പ്രധാനമായ കഥകളുമെഴുതിയിട്ടുള്ള മലയാറ്റൂര്‍ ഏതാനും തിരക്കഥകളും എഴിതിയിട്ടുണ്ട്. ഒടുക്കം തുടക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ആത്മകഥാപരമായ എന്‍റെ ഐ.എ.എസ് ദിനങ്ങള്‍, സര്‍വീസ് സ്റ്റോറി എന്നീ കൃതികളൂം പ്രശസ്തമാണ്.

വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും നേടി. യക്ഷി, അഞ്ചു സെന്‍റ്, പൊന്നി, ദ്വന്ദ യുദ്ധം, നെട്ടൂര്‍ മഠം, അമൃതം തേടി, ആറാം വിരല്‍, ശിരസ്സില്‍ വരച്ചത് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കമ്മ്യൂണീസ്റ്റ് പ്രസ്ഥാനത്തിന്‍റെ അനുഭാവിയും സഹയാത്രികനുമായിരുന്ന മലയാറ്റൂര്‍ പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗുരുവായൂര്‍ ദേവസ്വം സമിതി അംഗം, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :