അടിച്ചുപൊളിച്ചത് ക്രിസ്ത്യന്‍ ബ്രദേഴ്സും സീനിയേഴ്സും

WEBDUNIA|
PRO
മലയാള സിനിമ തകര്‍ച്ചയുടെ പാതയിലാണോ? എല്ലാ വര്‍ഷവും ഉള്ള അന്വേഷണവും പരിശോധനയുമാണിത്. എന്നാല്‍ 2011 ആദ്യ ആറുമാസത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത്ര ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. മാത്രമല്ല, പുതുമയുടെ വസന്തകാലത്തിന്‍റെ തുടക്കമാണോ എന്ന് തോന്നും വിധമുള്ള ചില മാറ്റങ്ങള്‍ കാണാനുമുണ്ട്.

ഈ വര്‍ഷം ആദ്യ ആറുമാസം യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ഭരണമാണ് മലയാള സിനിമയുടെ ബോക്സോഫീസില്‍ കണ്ടത്. മോഹന്‍ലാലിന്‍റെ ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ എന്നീ സിനിമകള്‍ പണം വാരി. കോടികളുടെ ലാഭമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് നേടിയത്. ആറുമാസക്കാലത്തിനിടയിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രവും ക്രിസ്ത്യന്‍ ബ്രദേഴ്സ് തന്നെ. ചൈനാ ടൌണ്‍ സൂപ്പര്‍ ഹിറ്റായതും മോഹന്‍ലാല്‍ ക്യാമ്പിനെ സന്തോഷിപ്പിച്ചു.

വൈശാഖ് സംവിധാനം ചെയ്ത ‘സീനിയേഴ്സ്’ ആണ് മറ്റൊരു പണംവാരിപ്പടം. ജയറാം, ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍ എന്നിവര്‍ അഭിനയിച്ച ഈ സിനിമ ചിരിയുടെ തരംഗം തീര്‍ത്തു. ബിജു മേനോനാണ് ചിത്രത്തിന്‍റെ വിജയം കൂടുതല്‍ ഗുണം ചെയ്തത്.

പൃഥ്വിരാജിന്‍റെ ഉറുമി വന്‍ ഹിറ്റായി. വലിയ മുതല്‍ മുടക്കില്‍ ചിത്രീകരിച്ച ഈ സിനിമ അപ്രതീക്ഷിത വിജയമാണ് നേടിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി മലയാളത്തിലെ എക്കാലത്തെയും മികച്ച വിഷ്വല്‍ ട്രീറ്റാണ്. പൃഥ്വി നിര്‍മ്മിച്ച ഈ സിനിമയുടെ വിജയത്തോടെ ‘ആഗസ്റ്റ് സിനിമ’ ബാനര്‍ കൂടുതല്‍ സജീവമാകുകയാണ്.

മേക്കപ്പ്‌മാന്‍, മാണിക്യക്കല്ല്, ജനപ്രിയന്‍, രതിനിര്‍വേദം, ഗദ്ദാമ, മേല്‍‌വിലാസം എന്നിവയും ഈ ആറുമാസത്തിനിടെ ഇറങ്ങിയ വിജയചിത്രങ്ങളാണ്. രതിനിര്‍വേദം റീമേക്ക് മാജിക്കിലൂടെ സൂപ്പര്‍ഹിറ്റായി മാറി. ശ്വേതാ മേനോന്‍ അവതരിപ്പിച്ച ‘രതിച്ചേച്ചി’ തരംഗം സൃഷ്ടിച്ചു.

ഈ വിജയചിത്രങ്ങളെക്കുറിച്ചൊക്കെ വാതോരാതെ പറയാമെങ്കിലും, ഈ ആറുമാസത്തിനിടയിലെ നക്ഷത്രശോഭ ‘ട്രാഫിക്’ എന്ന സിനിമയ്ക്കാണ്. മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന ചിത്രമായി ട്രാഫിക് മാറി. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രത്തെ മലയാളം നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഒരു പുതിയ ട്രെന്‍ഡിന് തന്നെ ട്രാഫിക് തുടക്കം കുറിച്ചു.

ഈ ആറുമാസത്തിനിടെ മമ്മൂട്ടിയുടെ നാലു സിനിമകളാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്. ഇത് നിര്‍മ്മാതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, 1993 ബോംബെ മാര്‍ച്ച് 12 എന്നീ സിനിമകളാണ് തകര്‍ന്നടിഞ്ഞത്. ഇവയില്‍ പലതിനും മികച്ച ഇനിഷ്യല്‍ പുള്‍ പോലും ഉണ്ടായില്ല എന്നത് ആശങ്കയുണര്‍ത്തി. ഈ നാലു സിനിമകളുടെ തകര്‍ച്ച മമ്മൂട്ടിയുടെ സ്റ്റാര്‍ഡത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

അര്‍ജുനന്‍ സാക്ഷി, സിറ്റി ഓഫ് ഗോഡ്, കുടുംബശ്രീ ട്രാവല്‍‌സ്, ആദാമിന്‍റെ മകന്‍ അബു, ശങ്കരനും മോഹനനും, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകള്‍ പ്രമേയപരമായി ശ്രദ്ധേയമായെങ്കിലും ബോക്സോഫീസില്‍ പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :