സാഹിത്യത്തിലും ക്വട്ടേഷനെന്ന് പത്മനാഭന്‍!

WEBDUNIA| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2009 (14:25 IST)
PRO
രാഷ്ട്രീയരംഗത്ത്‌ മാത്രമല്ല സാഹിത്യത്തിലും ക്വട്ടേഷന്‍ സംഘം നിലനില്‍‌ക്കുന്നുണ്ടെന്ന്‌ പ്രശസ്ത എഴുത്തുകാരന്‍ ടി പത്മനാഭന്‍. കുതികാല്‍വെട്ട്‌ മാത്രമല്ല ഇപ്പോഴെന്നും കൈ മുറിച്ചാല്‍ ഇത്ര, കാല്‍ മുറിച്ചാല്‍ ഇത്ര എന്ന രീതിയിലാണ് പ്രവണതയെന്നും പത്മനാഭന്‍ പറഞ്ഞു. ടിഎന്‍ പ്രകാശ്‌ രചിച്ച ‘ഡോ ടിപി സുകുമാരന്റെ പേരിന്റെ പൊരുള്‍’ എന്ന ജീവചരിത്രഗ്രന്ഥം, കൂട്ടം സംഘടിപ്പിച്ച പരിപാടിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്മനാഭന്റെ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ -

“രാഷ്ട്രീയരംഗത്ത്‌ മാത്രമല്ല സാഹിത്യത്തിലും ക്വട്ടേഷന്‍ മാഫിയകള്‍ നിലനില്‍‌ക്കുന്നുണ്ട്. ഇപ്പോള്‍ കുതികാല്‍വെട്ട്‌ മാത്രമല്ല കേരളത്തിലുള്ളത്. കൈ മുറിച്ചാല്‍ ഇത്ര, കാല്‍ മുറിച്ചാല്‍ ഇത്ര എന്നാണ് പുതിയ ട്രെന്‍ഡ്. രാഷ്ട്രീയരംഗത്തെ അതേ രീതി സാഹിത്യരംഗത്തും ഉടലെടുത്തിരിക്കുകയാണ്.”

“നമ്മുടെ ഭാഷയും സംസ്ക്കാരവും സാഹിത്യവുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. മഹാരഥന്‍മാരായവര്‍ പഠിച്ചിരുന്ന കേരള യൂണിവേഴ്സിറ്റിയില്‍ ഇന്ന്‌ പഠിപ്പിക്കുന്നത്‌ നളിനി ജമീലയുടെ ആത്മകഥയാണ്‌. ഇതിലെ സത്യങ്ങള്‍ പിന്‍തുടരാനും അധ്യാപകര്‍ പഠിപ്പിക്കുന്നു. സംസ്ക്കാരത്തിന്റെ ദുരന്തമാണ്‌ ഇവിടെ കാണുന്നത്‌. നളിനി ജമീലയുടെ കൃതിയും കള്ളന്റെ ആത്മകഥയായ തസ്‌കരനും പഠിക്കുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും?”

“അമ്പത് വര്‍ഷമായി അക്കാദമി നല്‍‌കിവന്നിരുന്ന ശ്രീപത്മനാഭ പുരസ്ക്കാരം സെക്കുലറല്ല എന്ന് പറഞ്ഞാണ് മുകുന്ദന്‍ എടുത്തുകളഞ്ഞത്. ഭൂമിയിലെ ദൈവങ്ങളായ ബ്രാഹ്മണരുടെ കാലു പിടിച്ച്‌ എഴുതിയ ആളാണ്‌ എഴുത്തച്ഛന്‍. അങ്ങിനെയെങ്കില്‍ മതേതരത്വത്തിന്റെ പേരില്‍ എഴുത്തച്ഛന്‍ പുരസ്കാരവും ഒഴിവാക്കേണ്ടിവരില്ലേ? ഭക്‌തി പ്രസ്ഥാന കാലത്ത്‌ ഇന്ത്യയില്‍ ഒരേ പോലെ ചിന്തിച്ച കവികളുണ്ടായിരുന്നു. അവര്‍ അവരുടെ ഭാഷയെ സമ്പന്നമാക്കിയിരുന്നു. ഇവരെയൊക്കെ ഒഴിവാക്കാമോ? മുകുന്ദന്‍ പറഞ്ഞതിന്‌ അപ്പോള്‍ എന്താണ്‌ അര്‍ഥം?”

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പേരിന്റെ പൊരുള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പിപി ശശീന്ദ്രന്‌ നല്‌കി ടി പത്മനാഭന്‍ പ്രകാശനം ചെയ്‌തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി അധ്യക്ഷനായിരുന്നു. ഇപി രാജഗോപാലന്‍ പുസ്‌തകം പരിചയപ്പെടുത്തി. പ്രസ്‌ ക്ലബ്ബ്‌ സെക്രട്ടറി എം മധുസൂദനന്‍ സംസാരിച്ചു. ടിഎന്‍ പ്രകാശ്‌ മറുപടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :