കാസര്‍ഗോഡ് ശക്തമായ ത്രികോണമത്സരം; മൂന്നാമൂഴത്തിനൊരുങ്ങി പി കരുണാകരന്‍ എം പി?

WEBDUNIA|
PRO
യുഡിഎഫിന് വിജയസാധ്യതയില്ലെന്ന് സീറ്റ് വിഭജന ചര്‍ച്ച സമയത്ത് ഘടകകക്ഷി നേതാക്കള്‍ തന്നെ പറയുന്ന മണ്ഡലമാണ് കാസര്‍ഗോഡ്. ഘടകക്ഷികളൊന്നും മണ്ഡലം ഏറ്റെടുക്കാത്തതിനാല്‍ അവസാന നിമിഷം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ കണ്ടുപിടിച്ച് കാസര്‍ഗോഡേക്ക് അയക്കാറാണ് പതിവ്.

എന്നാല്‍ ഇത്തവണ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു മണ്ഡലം കൂടിയാണ് കാസര്‍ഗോഡ്‌ . ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വെങ്കയ്യ നായിഡു പ്രഖ്യാപിച്ചിരുന്നു.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിറ്റിംഗ് എംപിയുമായ പി കരുണാകരന്‍ തന്റെ മൂന്നാമൂഴത്തില്‍ മത്സരിക്കുമെന്നാണ് സൂചന.

2004ല്‍ 108256ഉം 2009ല്‍ 64000വും ഭൂരിപക്ഷത്തോടെയാണ് പി കരുണാകരന്‍ ജയിച്ചുകയറിയത്. ഇത്തവണയും പി കരുണാകരന്‍ തന്നെയാവുമെന്നാണ് സൂചനയെങ്കിലും ജില്ലാ സെക്രട്ടറി കെപി. സതീഷ്ചന്ദ്രന്‍െറ പേര് രണ്ടാമതായി പരിഗണിക്കുന്നുണ്ട്. പികെ ശ്രീമതിയുടെയും വിപിപി മുസ്തഫയുടെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആദ്യലിസ്റ്റില്‍ മുന്‍ എംപി രാമറൈയുടെ മകന്‍ സുബ്ബയ്യ റായാ‍ണുള്ളതെന്നാണ് സൂചന. 1984ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഐ രാമറായിക്കായിരുന്നു വിജയം. പക്ഷേ രാമറായിയെ വിജയിപ്പിച്ചതിനുശേഷം ഇതുവരെ ഒരൊറ്റ യു ഡി എഫ് സ്ഥാനാര്‍ത്ഥിയേയും ജയിച്ചു കയറാന്‍ കാസര്‍ഗോഡ് അനുവദിച്ചിട്ടില്ല.

കെപിസിസി ജനറല്‍ സെക്രട്ടറി ടിസിദ്ദീഖ്, കെപി കുഞ്ഞിക്കണ്ണന്‍, ജെബി മേത്തര്‍ എന്നിവരുടെയും പേരുകള്‍ കാസര്‍ഗോഡ് നിന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :