ഹൈക്കോടതി പരാമര്‍ശം: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു എന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സമാനമായ പരാമര്‍ശം ഹൈക്കോടതി മുമ്പും നടത്തിയിട്ടുണ്‌ടെന്നും അതിനാല്‍ ഈ പരാമര്‍ശം നീക്കിക്കിട്ടണമെന്നും അഭ്യര്‍ത്ഥിച്ചാണ്‌ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്‌

മതനേതാവ്‌ റഹീം പൂക്കുടശ്ശേരി വധശ്രമക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ വി രാംകുമാര്‍ ആണ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പു കളികളില്‍ മുഴുകിയിരിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.

ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിക്ക്‌ ഇടപെടേണ്‌ടി വരുമെന്നും ജസ്റ്റിസ്‌ രാംകുമാര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇത്‌ സംസ്ഥാനത്ത്‌ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്‌.

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ, മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :