സ്‌മാര്‍ട് സിറ്റി: കേന്ദ്രം ഇടപെടാമെന്ന് തോമസ്

കൊച്ചി| WEBDUNIA|
കൊച്ചിയില്‍ സ്മാര്‍ട്‌ സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് തടസമെന്താണെന്ന് വ്യക്‌തമാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാമെന്ന്‌ കേന്ദ്രസഹമന്തി കെ വി തോമസ്. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാരണവശാലും പദ്ധതി നഷ്‌ടമാകാന്‍ ഇടയാകരുത്‌. പദ്ധതിയുമായി മുന്നോട്ട്‌ പോകാനാണ്‌ താല്‍പര്യമെന്നാണ്‌ ടീകോം അധികൃതരുമായി സംസാരിച്ചപ്പോള്‍ വ്യക്‌തമായത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍ എന്‍ ജി ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളിലും കേന്ദ്രം ഉദാരസമീപനമാണ്‌ സ്വീകരിക്കുന്നത്‌. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കണം.

വെളിച്ചെണ്ണ സംസ്ഥാനത്ത്‌ വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സംസ്‌കരിച്ച്‌ വിപണിയില്‍ എത്തിക്കുന്നത്‌ മുംബൈയില്‍ നിന്നാണ്‌. വെളിച്ചെണ്ണ വില നിശ്ചയിക്കുന്നത്‌ തന്നെ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോബികളാണ്‌. കേരളത്തില്‍ വിളയിക്കുന്ന ഏലം മൂല്യവര്‍ദ്ധിത ഉത്‌പന്നമാക്കുന്നത്‌ ഡല്‍ഹിയിലാണെന്നും അദ്ദേഹം പറഞ്ഞു‌.

മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കാനാവാത്തതാണ്‌ കാര്‍ഷിക രംഗത്ത്‌ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിലെ കാര്‍ഷിക വിളകള്‍ മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളാക്കി മാറ്റുന്നത്‌ അന്യ സംസ്ഥാനങ്ങളിലാണ്. ഇനിയെങ്കിലും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :