സ്പീക്കര്‍ സ്ഥാനം ലീഗ് സ്വീകരിച്ചേക്കും, ചര്‍ച്ചകള്‍ തുടരുന്നു

മലപ്പുറം‍| WEBDUNIA|
PRO
അഞ്ചാം മന്ത്രി സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വം ഫ്ലക്സിബിളായ നിലപാടെടുക്കുമെന്ന് സൂചന. നിയമസഭാ സ്പീക്കര്‍ സ്ഥാനം ലീഗ് സ്വീകരിച്ചേക്കുമെന്ന് അറിയുന്നു. അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചതോടെ പ്രതിസന്ധിയിലായ ലീഗ് അഞ്ചാം മന്ത്രി എന്നതിന് പകരം അഞ്ചാം പദവി എന്ന നിലപാടിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് കാര്യങ്ങളാണ് ലീഗ് നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മന്ത്രിസ്ഥാനം വേണ്ടെന്ന് വച്ച് സ്പീക്കര്‍ സ്ഥാനം സ്വീകരിക്കണോ എന്നതാണ് ഒരു കാര്യം. മറ്റൊന്ന് അഞ്ചാമത് ഒരു മന്ത്രിസ്ഥാനം തന്നില്ലെങ്കില്‍ നിലവിലുള്ള മന്ത്രിമാരെയെല്ലാം പിന്‍‌വലിച്ച് ഒരു കൈവിട്ട കളിക്ക് തയ്യാറാകണോ എന്നതും.

എന്തായാലും കടുത്ത നടപടികള്‍ക്കൊന്നും മുതിരാന്‍ ലീഗ് തയ്യാറാകില്ല. എല്ലാം കലങ്ങിത്തെളിയാന്‍ രണ്ട്‌ ദിവസം കൂടി കാത്തിരിക്കണമെന്നാണ് മന്ത്രി പി കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ലീഗ്‌ അണികള്‍ക്ക്‌ പ്രതിഷേധമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധപ്രകടനങ്ങള്‍ ലീഗ്‌ നേതൃത്വത്തിന്‍റെ അറിവോടയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുള്‍പ്പടെയുള്ള ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചെന്നിത്തല കേരളത്തിലുള്ള മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ അറിയിച്ചു. ഉമ്മന്‍‌ചാണ്ടി കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി.

ബുധനാഴ്ച യു ഡി എഫ് യോഗവും ചേരുന്നുണ്ട്. ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനവും അനൂപ് ജേക്കബിന്‍റെ സത്യപ്രതിജ്ഞാ തീയതിയും യു ഡി എഫ് യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :