സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; സാധ്യമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പതിമൂന്നാം കേരള നിയമസഭയില്‍ ആദ്യമായി ചര്‍ച്ചയ്ക്കുവച്ച അടിയന്തര പ്രമേയത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ന്ന് പ്രമേയം തള്ളിയതായി സ്‌പീക്കര്‍ സഭയെ അറിയിച്ചു. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഉമ്മന്‍‌ചാണ്ടി അനാവശ്യമായ തിടുക്കം കാണിച്ചെന്നും അതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ട് വന്നത്. ഉമ്മന്‍‌ചാണ്ടി പദ്ധതിയില്‍ രാഷ്ട്രീയമായി ഇടപെടല്‍ നടത്തിയെന്ന് തെളിഞ്ഞതായി തോമസ് ഐസക് വ്യക്തമാക്കി. ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം വരുന്നതിന് മുന്‍പ് മുഖ്യമന്ത്രി സുപ്രീംകോടതി നിരീക്ഷണ സമിതിക്ക് കത്തയച്ചതിനേയും ഐസക് വിമര്‍ശിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രണ്ട് തവണ സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന്റെ ആവശ്യം നിരസിക്കുകയാണുണ്ടായതെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ സ്വാധീനം ചെലുത്തിയിട്ടാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രം സമ്മതിക്കാതിരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പിഴവു വന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

പിന്നീട് സംസാരിച്ച പ്രതിപക്ഷ അംഗങ്ങാളായ വി എസ് അച്യുതാനന്ദന്‍, വി ശിവന്‍കുട്ടി, സി കെ നാണു, സി കെ ശശീന്ദ്രന്‍ എന്നിവരും ടൈറ്റാനിയം അഴിമതിക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കെ കെ രാമചന്ദ്രനെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് മാറ്റിയകാര്യവും പ്രതിപക്ഷം ഉന്നയിച്ചു. ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ട്രാവന്‍കൂര്‍ ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പദ്ധതിക്ക്‌ തുടക്കമിട്ടത്‌ സുശീല ഗോപാലന്‍ വ്യവസായമന്ത്രിയായിരുന്ന കാലത്താണെന്ന്‌ ഭരണപക്ഷത്തിന് വേണ്ടി സംസാരിച്ച ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഒരു നുണ പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാ‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.

ടൈറ്റാനിയത്തില്‍ 256 കോടിയുടെ പദ്ധതിക്ക്‌ തറക്കല്ലിട്ടത്‌ എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴാണെന്ന്‌ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ പറഞ്ഞു. പദ്ധതി തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ്‌ എല്‍ ഡി എഫ്‌ തറക്കല്ലിട്ടതെന്ന്‌ വ്യക്‌തമാക്കണമെന്നും ജോര്‍ജ്‌ ആരൊപിച്ചു. ഇല്ലാത്ത അഴിമതി ഉന്നയിച്ച്‌ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് കെ എന്‍ എ ഖാദര്‍ പറഞ്ഞത്.

പ്രതിപക്ഷ ആരോപണം തൊഴിലാളി താല്‍പര്യത്തെ വൃണപ്പെടുത്തുന്നതാണെന്ന്‌ പി സി വിഷ്‌ണുനാഥ്‌ പറഞ്ഞു. കമ്പനി ഇല്ലാതായാല്‍ ആയിരത്തോളം തൊഴിലാളികള്‍ പട്ടിണിയിലാകും. മുഖ്യമന്ത്രി അയച്ച ശുപാര്‍ശക്കത്തില്‍ ഏതെങ്കിലും കമ്പനിയുടെ പേരോ 256 കോടി നല്‍കണമെന്നോ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു. അഴിമതി കാണിക്കണമെങ്കില്‍ ആരെങ്കിലും സുപ്രീം കോടതിക്ക്‌ കത്തയയ്‌ക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

വിഷ്ണുനാഥിന്റെ പ്രസ്താവനയില്‍ വന്ന പിശക് ഇടയ്ക്ക് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. ഉമ്മന്‍‌ചാണ്ടി അയച്ച കത്തില്‍ കമ്പനികളുടെ പേരില്ലെന്ന വിഷ്ണു നാഥിന്റെ പരാമര്‍ശം തെറ്റാണെന്ന് കത്തിന്റെ കോപ്പികാണിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.

തുടര്‍ന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടിപറഞ്ഞു. കേസ് അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ല. ടൈറ്റാനിയം സംബന്ധിച്ച രേഖകളെല്ലാം പല തവണ പുറത്തുവന്നതാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതിക്കായി ഒന്നും ഇറക്കുമതി ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ താന്‍ മൂന്ന് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടൈറ്റാനിയം അടച്ചുപൂട്ടും എന്ന അവസ്ഥ വന്നപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തന്നെ വന്നുകണ്ടു. അതിനാലാണ് കത്തയക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ സംസാരം പൂര്‍ത്തിയാവുന്നതിന് മുന്നേ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ എഴുന്നേറ്റ്‌ ടൈറ്റാനിയം അഴിമതിക്കേസില്‍ സി ബി ഐ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന്‌ ചോദിച്ചു. സി ബി ഐ അന്വേഷണം കോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നും ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം നിയമ സഭ ബഹിഷ്കരിക്കുകയായിരുന്നു. ടര്‍ന്ന്‌ അടിയന്തര പ്രമേയം സഭ തള്ളിയതായി സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :