സി പി എം ഒരു കൊലയാളിപ്പാര്‍ട്ടിയല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍റെ വധം കൊണ്ട് രാഷ്ട്രീയമായ ഗുണം കിട്ടിയത് ആര്‍ക്കാണെന്ന് ജനങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കുന്ദംകുളത്ത് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതി സി പി എമ്മിനില്ല. സി പി എം ഒരു കൊലയാളിപ്പാര്‍ട്ടിയല്ല. അതിന്‍റെ ആവശ്യവുമില്ല. ഞങ്ങള്‍ എതിരാളികളെ ആശയം കൊണ്ടാണ് നേരിടാറുള്ളത്. ഞങ്ങള്‍ക്ക് ആശയദാരിദ്ര്യവും സംഭവിച്ചിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായിരിക്കുന്ന ഈ കൊലപാതകം കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായതെന്ന് ജനങ്ങള്‍ നിഷ്പക്ഷമായി ചിന്തിക്കണം - പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
അതിനിഷ്ഠൂരവും ഭീകരവുമായ കൊലപാതകമാണ് നടനത്. അത് അപലപിക്കപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. കൊലപാതകികള്‍ ഉപയോഗിച്ച കാറിന്‍റെ ഉടമ നവീന്‍ ദാസിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ട്. ഈ കേസ് സി പി എമ്മിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലൂടെ കോണ്‍ഗ്രസിന് രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു.
തീവ്രവാദബന്ധമുള്ള സംഘടനയായി മുസ്ലിം ലീഗ് മാറിയിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.