ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (11:12 IST)
പി എസ് സി നിയമനങ്ങളിലെ മെറിറ്റ്, സംവരണം 50:50 അനുപാതത്തില്‍ ആക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. 20:20 അനുപാതത്തില്‍ നിയമനങ്ങള്‍ തുടരാമെന്നും ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, മാര്‍ക്കണ്ഡേയ കട്ജു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധിക്കെതിരെ പി എസ് സിയും എന്‍ എസ് എസും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ കെ വി സലാഹുദ്ദീന്‍ വ്യക്തമാക്കി.
മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റായി കണക്കാക്കി നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുപത് ഒഴിവുകളില്‍ കൂടുതലുള്ള നിയമനങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ പി എസ് സി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ നിയമനം 50:50 ആക്കണമെന്ന് കഴിഞ്ഞ വര്‍ഷം മേയ് 23ന് ഹൈക്കോടതി വിധിച്ചതോടെയാണ് നിയമന കാര്യത്തില്‍ പ്രതിസന്ധി ഉടലെടുത്തത്.
ഇതിനു പിന്നാലെ കൂടുതല്‍ തസ്തികകളിലും ഈ അനുപാതം ബാധകമാക്കാന്‍ ഹൈക്കോടതി നവംബറില്‍ വിധിക്കുകയായിരുന്നു. എന്നാല്‍ മേയ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കിയാല്‍ നിരവധിയാളുകളെ പിരിച്ചു വിടേണ്ടി വരുമെന്ന സാഹചര്യത്തില്‍ പി എസ് സി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.