വീട്ടമ്മയുടെ നഗ്നചിത്രം; വിദ്യാര്‍ത്ഥി അറസ്റ്റില്‍

ആലുവ| WEBDUNIA| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2009 (17:53 IST)
കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റുമെല്ലാം കുട്ടികള്‍ ഉപയോഗിക്കുന്നത് സൂക്ഷിക്കണമെന്നാണ് സന്നദ്ധ സംഘടനകളുടേയും സര്‍ക്കാരിന്‍റേയുമൊക്കെ നിര്‍ദ്ദേശം. മൊബൈല്‍ ഫോണിലെ ക്യാമറയും കമ്പ്യൂട്ടറുമൊക്കെ കുട്ടികളെ ഏറെ വഴി തെറ്റിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇവ നല്‍കുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുന്നതാണ് നല്ലതെന്നാണ് ആലുവയില്‍ നിന്നുള്ള ഒരു അനുഭവം.

അയല്‍‌വാസിയായ വീട്ടമ്മയുടെ പടമെടുത്ത് മോര്‍ഫ് ചെയ്ത് ഇന്‍റര്‍നെറ്റില്‍ പ്രൊഫൈലുണ്ടാക്കിയതിന് ഇവിടെ നിന്ന് ഒരു പതിനാറുകാരനെ ഈയിടെ അറസ്റ്റ് ചെയ്തു. ഹൃദ്രോഗിയായ വീട്ടമ്മയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുള്ള പയ്യന്‍ അവരുടെ ഒരു പടം സംഘടിപ്പിച്ചു. പിന്നെ പടം കമ്പ്യൂട്ടറിലിട്ട് ആരുടേയോ നഗ്ന ചിത്രം വച്ച് മോര്‍ഫ് ചെയ്ത് പ്രൊഫൈലുണ്ടാക്കി ഒരു കമ്യൂണിറ്റി സൈറ്റിലിട്ടു.

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുക മാത്രമല്ല പയ്യന്‍സ് ചെയ്തത്. ഒപ്പം സ്ത്രീയുടെ ഫോണ്‍ നമ്പര്‍ കൂടി നല്‍കുകയും ചെയ്തു. പിന്നെ കോളുകളുടെ പ്രവാഹമായിരുന്നു. വിദേശത്ത് നിന്നുവരെ ഫോണ്‍ കോളുകള്‍. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലുവയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് വിരുതന്‍. ഒഴുവുസമയങ്ങളില്‍ ഒരു തമാശയ്ക്ക് ഒപ്പിച്ച വികൃതി ഒരു കുടുംബത്തിന്‍റെ മാനം കെടുത്തി. വിദ്യാര്‍ത്ഥിയെ ഇടപ്പള്ളി സൈബര്‍ സെല്‍ ചോദ്യം ചെയ്തുവരികയാണ്. കക്ഷി കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്.

ഇപ്പോള്‍ മര്യാദയ്ക്ക് റോഡില്‍ പൊലും ഇറങ്ങി നടക്കാന്‍ പറ്റാത്ത കാലമാണ്. ഇമ്മാതിരി വിരുതന്‍‌മാര്‍ എവിടുന്നെങ്കിലും ഒരു ഫോട്ടോയെടുത്താല്‍ മതി. പിന്നെ സ്വന്തം തലയും ഏതോ ഒരു നഗ്നഉടലുമായി എതെങ്കിലും കമ്യൂണിറ്റി സൈറ്റിലാവും ഉണ്ടാവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :