വിവാദ പാഠപുസ്തകത്തിനെതിരെ പ്രമേയം പാസാക്കി

മഞ്ചേരി| M. RAJU|
വിവാദപാഠപുസ്തകത്തിനെതിരെ മഞ്ചേരി നഗരസഭ പ്രമേയം പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് പ്രമേയം പാസാക്കിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രമേയം പാസായത്.

പത്ത് മണിയോടെ ആരംഭിച്ച യോഗം തുടക്കം മുതല്‍ തന്നെ ബഹളത്തിലായിരുന്നു. മുപ്പത് ഭരണപക്ഷ അംഗങ്ങളും പതിനേഴ് പ്രതിപക്ഷ അംഗങ്ങളും ഒരു പോലെ കൌണ്‍സില്‍ യോഗത്തില്‍ ബഹളം വയ്ക്കുകയായിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പ്രമേയം അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും നിലപാടെടുത്തതോടെയാണ് ബഹളം ഉണ്ടായത്.

വനിത അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഡസ്കിന് മുകളില്‍ കയറിനിന്ന് ബഹളം വച്ചു. ഇതിനിടയില്‍ പ്രസിഡന്‍റ് വിവാദ പാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. മുസ്ലീം ലീഗ് അംഗം പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. പ്രതിപക്ഷം ഏറെനേരം ബഹളം വച്ചതിന് ശേഷം ഇറങ്ങിപ്പോയി.

തുടര്‍ന്ന് പ്രമേയം പാസായതായി ഭരണപക്ഷം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ നഗരസഭ ഓഫീസിന് മുന്നില്‍ ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :