ആശങ്കകള്‍ക്കൊടുവില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിച്ചു. നേരത്തേ വിജയിച്ച ഒരു കുട്ടിയും പുനഃപ്രസിദ്ധീകരിച്ച ഫലത്തില്‍ പരാജയപ്പെട്ടിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. 6,388 വിദ്യാര്‍ഥികളുടെ ഫലത്തിലായിരുന്നു പ്രശ്നമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
മെയ് 20-നാണ് പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 1500 ഓളം വിദ്യാര്‍ത്ഥികളുടെ ഫലം അപ്പോള്‍ തടഞ്ഞുവച്ചിരുന്നു. ഈ ഫലങ്ങള്‍ കൂടി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത് എന്നാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം വിശദീകരിച്ചിരുന്നത്. മുമ്പേ പ്രസിദ്ധീകരിച്ച ഫലങ്ങളും മാറിമറിഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു.
തിരുത്തിയ മാര്‍ക്കുകളാണ് തിങ്കളാഴ്ച രാത്രി മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ കാണാന്‍ സാധിച്ചത്. ഫലങ്ങള്‍ മാറിയതോടെ വിജയിച്ച പല വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടതായി സൈറ്റില്‍ കണ്ടു. ഉന്നത പഠനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുട്ടികളെ ഈ വാര്‍ത്ത ഏറെ ആശങ്കപ്പെടുത്തിയിരുന്നു. പിഴവ് ഉച്ചക്ക് മുമ്പ് പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. വൈകുന്നേരമാണ് പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിക്കാന്‍ സാധിച്ചത്.