പൊതുബജറ്റ് കെ‌എസ്‌ഇബിയെ ബാധിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പൊതുബജറ്റില്‍ പെട്രോളിയം ഉല്‍‌പന്നങ്ങളുടെ വില ഉയര്‍ത്തിയത് സംസ്ഥാന വൈദ്യുത ബോര്‍ഡിനെ സാരമായി ബാധിക്കും. ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന വൈദ്യുത ബോര്‍ഡ് നഷ്ടം നികത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം.

ബ്രഹ്മപുരം, നല്ലളം എന്നീ ഡീസല്‍ നിലയങ്ങളെയായിരിക്കും ഇന്ധന വില വര്‍ദ്ധന ഗുരുതരമായി ബാധിക്കുക. കഴിഞ്ഞ തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിച്ചപ്പോള്‍ തന്നെ ഇവിടങ്ങളിലെ ചെലവ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ബ്രഹ്‌മപുരത്ത് 106.6 മെഗാവാട്ട് വൈദ്യുതിയും നല്ലളത്ത് 128 മെഗാവാട്ട് വൈദ്യുതിയുമാണ് ഉല്‍‌പാദിപ്പിക്കുന്നത്.

ജലവൈദ്യുതിയുടെ കുറവ് നികത്തുന്നത് ഡീസല്‍ നിലയങ്ങളിലെ ഉത്പാദനം കൊണ്ടാണ്. എന്നാല്‍, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതും ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതുമാണ് കെ‌എസ്‌ഇബിയെ ആശങ്കയിലാഴ്ത്തുന്നത്. ഈ വര്‍ഷം വേനല്‍ നേരത്തെ എത്തുന്നതും ഉല്‍‌കണ്ഠ സൃഷ്ടിക്കുന്നുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം 2000 കോടിയുടെ കമ്മിയാണ് വൈദ്യുത ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ആദായ നികുതി അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയെന്നാരോപിച്ച് കെ എസ് ഇ ബിയുടെ എല്ലാ ബാങ്ക് അക്കൌണ്ടുകളും ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :