പണംനല്‍കല്‍: കമ്പ്യൂട്ടറുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക്

തിരുവനന്തപുരം | WEBDUNIA|
ഹൈക്കോടതിയിലെ കേസ് പിന്‍‌വലിക്കാന്‍ പണം നല്‍കിയ കേസിലെ പ്രതികളില്‍ നിന്നും കണ്ടെടുത്ത ലാപ്ടോപ്പുകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും.

തിരുവനന്തപുരത്തെ സി-ഡാക്കില്‍ രണ്ട് ലാപ്ടോപ്പുകള്‍ പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ഇതില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. പൊലീസിന്‍റെ സൈബര്‍ സെല്ലിന്‍റെ പരിശോധനയ്ക്ക് ശേഷമാണ് സി.ഡാക്കിനെ അന്വേഷണ സംഘം സമീപിക്കുന്നത്.

കേസ് പിന്‍‌വലിക്കാന്‍ പണം നല്‍കുന്നതിനിടെ പിടിയിലായ നാല് പേര്‍ ജാമ്യത്തിലിറങ്ങിയതോടെ കെട്ടടങ്ങിയ കേസിലാണ് ഇപ്പോള്‍ നേരിയ പുരോഗതി ഉണ്ടായിരിക്കുന്നത്. നാലംഗ സംഘം താമസിച്ചിരുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കണ്ടെത്തിയ രണ്ട് ലാപ്ടോപ്പുകള്‍ പൊലീസ് പരിശോധിച്ചു വരികയായിരുന്നു.

പൊലീസിലെ സൈബര്‍ സെല്ലില്‍ പ്രാഥമിക പരിശോധന നടത്തിയെങ്കിലും വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് രണ്ട് ലാപ്ടോപ്പുകളും തിരുവനന്തപുരത്തെ സി-ഡാക്കിലേക്ക് അയയ്ക്കുന്നത്.

സി-ഡാക്കിലെ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സംഘം ലാപ്ടോപ്പിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കും. പരാതിക്കാരനായ സന്ദീപ് നല്‍കിയ ചില സൂചനകളും വച്ചാണ് പൊലീസ് സി‌‌‌‌-ഡാക്കിന്‍റെ സഹായം തേടിയത്.

കൊച്ചിയില്‍ പൊലീ‍സ് നടത്തിയ പ്രാഥമിക ചോദ്യചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പണം കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ അന്യായമായി തടങ്കലില്‍ വച്ചതിനും ആക്രമിച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതികള്‍ക്ക് പിറ്റേന്ന് ജാമ്യം ലഭിക്കുകയും ചെയ്തു.

ഇതില്‍ രണ്ട് പേര്‍ ഡല്‍ഹി സ്വദേശികളാണ്. ജാമ്യം ലഭിച്ചതോടെ ഇവര്‍ കേരളം വിട്ടു. സോഡിയാക് സൊല്യൂഷന്‍സ് ഡോട്ട് കോം ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം നാല് പേരാണ് കേസില്‍ പ്രതികള്‍. സി‌-ഡാക്കിലെ പരിശോധനകള്‍ക്ക് ശേഷമേ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൊലീസ് എടുക്കുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :