തരൂര്‍ സമ്പന്ന സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം‌| WEBDUNIA|
സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ ശശി തരൂര്‍. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തരൂരിന്‍റെ സമ്പാദ്യം 21 കോടി രൂപയാണ്.

പണമായി 12,000 രൂപയും നിക്ഷേപമായി 24,37,821 രൂപയുമാണ് തരൂരിന്‍റെ പക്കലുള്ളത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകളിലായി 2,11,196 ബ്രിട്ടീഷ് പൌണ്ടും 42,25,474 ദിര്‍ഹാമും 16,59,286 യുഎസ് ഡോളറും തരൂരിന് നിക്ഷേപമായുണ്ട്. കാക്കനാട് ബിസിജി ടവറില്‍ 24,85,000 രൂപ വിലമതിക്കുന്ന ഫ്ലാറ്റും എലവഞ്ചേരിയില്‍ 42.25 സെന്‍റ് സ്ഥലവും തരൂരിന് സ്വന്തമായുണ്ട്. കാനഡയില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന വീട് തരൂരിന്‍റെയും ഭാര്യയുടെയും പേരിലുണ്ട്.

വടകരയിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരില്‍ വീടോ സ്‌ഥലമോ ഇല്ല. കൈയിലുള്ളത്‌ ആകെ 2000 രൂപയും ഒരു പവന്‍റെ സ്വര്‍ണമോതിരവും. ഭാര്യയ്ക്ക് 101 പവനും മകള്‍ പാര്‍വതിക്ക്‌ 15 പവനും സ്വര്‍ണമുണ്ട്‌. നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം മുല്ലപ്പള്ളി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം.

പോസ്റ്റോഫീസ്‌ സമ്പാദ്യനിധിയില്‍ മൂന്നു ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്‌. സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ ഉദ്യോഗസ്‌ഥയായ ഭാര്യയുടെ കൈവശം ഏഴായിരം രൂപയും നാഷണല്‍ സേവിംഗ്‌സ് സ്‌കീമില്‍ 1,70,00 രൂപ നിക്ഷേപവുമുണ്ട്‌. ഭാര്യയുടെ പേരില്‍ ഒരു മാരുതി കാറും അംബാസഡര്‍ കാറുമുണ്ട്‌. ഭാര്യയുടെ പേരില്‍ സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ 50 ഓഹരികളുമുണ്ട്‌. ഭാര്യ സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ നിന്ന്‌ 2,72,346 രൂപയുടെയും 2,30,000 രൂപയുടെയും രണ്ട്‌ വായ്‌പയെടുത്തിട്ടുണ്ട്‌.

ആലത്തൂര്‍ മണ്ഡലത്തിലെ യു. ഡി. എഫ്‌ സ്ഥാനാര്‍ത്ഥി എന്‍. കെ. സുധീറിന്‌ 2008 മോഡല്‍ സ്‌കോഡ-ലോറ കാറും പണമായി കൈവശം 5000 രൂപയുമാണുള്ളത്. 23 ലക്ഷം രൂപയുടെ എല്‍. ഐ. സി പോളിസിയും വിവിധ ബാങ്കുകളിലായി 12002 രൂപ നിക്ഷേപമുണ്ട്‌. ലീലാ പാര്‍ക്ക്‌ റോയല്‍ ഹോട്ടല്‍ ലിമിറ്റഡിലും, ഓര്‍ക്കിഡ്‌ ബില്‍ഡേഴ്‌സിലും സുധീറിന് നിക്ഷേപമുണ്ട്‌.

ആലപ്പുഴ മണ്‌ഡലത്തിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്‍റെ കൈയില്‍ പണമായി 10,000 രൂപയും ബാങ്ക്‌ നിക്ഷേപമായി 55,664 രൂപയുമാണുള്ളത്. അഞ്ച്‌ ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയും സ്വന്തമായി അംബാസഡര്‍ കാറുമുണ്ട്‌. ഭാര്യ ഡോ. ആഷയുടെ കൈയില്‍ 5,000 രൂപയും ബാങ്ക്‌ ഡിപ്പോസിറ്റായി 12,040 രൂപയും ഒരു ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയും ആണുള്ളത്.

എറണാകുളത്തെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി സിന്ധുജോയിക്ക്‌ 30,000 രൂപ വിലമതിക്കുന്ന 24 ഗ്രാം സ്വര്‍ണാഭരണങ്ങളാണുള്ളത്‌. പണമായി ഉളളത്‌ 7000 രൂപ. ബാങ്ക്‌ നിക്ഷേപമായി ബ്രോഡ്‌വേ എസ്‌.ബി.ടി ശാഖയില്‍ ആറു ലക്ഷവും, ഫെഡറല്‍ ബാങ്ക്‌ ബ്രോഡ്‌വേ ശാഖയില്‍ ആറു ലക്ഷവുമുണ്ട്‌. വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം കണ്‍ടോണ്‍മെന്റ്‌, മ്യൂസിയം പോലീസ്‌ സ്‌റ്റേഷനുകളിലായി 11 കേസുകളും സിന്ധുവിന്‍റെ പേരിലുണ്ട്.

ഇടുക്കിയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി അഡ്വ.പി.ടി.തോമസിന്‍റെ കൈവശം 10,000 രൂപാ മാത്രമാണുള്ളത്. രണ്ടുബാങ്കുകളിലായി 12,847 രൂപയും 50,000 രൂപയുടെ എല്‍.ഐ.സി.പോളിസിയും ഒരു ടാറ്റാ ഇന്‍ഡിക്ക കാറും 30 ഗ്രാം സ്വര്‍ണവും സ്വന്തമായുണ്ട്‌.

വയനാട്ടിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി റഹ്‌മത്തുള്ളയുടെ കൈയിലുള്ളത്‌ ആയിരം രൂപയാണ്. ബാങ്കില്‍ ഫിക്‌സഡ്‌ ഡെപ്പോസിറ്റായി 2,58,511 രൂപയും ഭാര്യ സുഹ്‌റാബാനുവിന്റെയും റഹ്‌മത്തുള്ളയുടെയും പേരിലുള്ള ജോയിന്റ്‌ അക്കൗണ്ടില്‍ 42,312 രൂപയും ഉണ്ട്.

കാസര്‍കോട്‌ പാര്‍ലമെന്‍റ് മണ്‌ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ കൈയ്യില്‍ നാലായിരം രൂപയാണുള്ളത്. കല്ലായി എസ്‌.ബി.ടി ബാങ്കില്‍ 4529 രൂപയും ഐ. ഒ. ബിയുടെ കോഴിക്കോട്‌ ശാഖയില്‍ 1088 രൂപയുമുണ്ട്‌. ഒരു പവന്‍ സ്വര്‍ണവും സുരേന്ദ്രന്റെ കയ്യിലുണ്ട്‌.

മലപ്പുറം മണ്ഡലത്തിലെ ഇടതുസ്‌ഥാനാര്‍ഥി ടി.കെ ഹംസയുടെ കൈവശമുള്ളത്‌ 1500 രൂപ മാത്രമാണ്. എന്നാല്‍ ചോക്കാട്‌ വില്ലേജില്‍ സ്വന്തമായി 6.15 ഏക്കര്‍ കൃഷിഭൂമിയുമുണ്ട്‌. 50 ലക്ഷം രൂപയാണ്‌ ഈ ഭൂമിയുടെ മൂല്യം. ഹംസയ്ക്കും സ്വന്തം പേരില്‍ വീടില്ല. ഭാര്യ മൈമൂനയുടേയും മകള്‍ സാറയുടേയും പേരിലാണ്‌ വീട്‌.

ആലത്തൂരിലെ സിപി‌എം സ്ഥാനാര്‍ത്ഥി പികെ ബിജുവിന്‍റെ കയ്യില്‍ 1,500 രൂപയാണുള്ളത്. എസ്‌.ബി.ടി എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസ്‌ ബ്രാഞ്ചില്‍ 19,500 രൂപയും, മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ 1000 രൂപയുടെ ഓഹരിയും ഉണ്ട്‌. ഒന്നര ലക്ഷം രൂപയുടെ എല്‍.ഐ.സി. പോളിസിക്ക് പുറമേ‌ അമ്മ ഭവാനിയുടെ കൈയില്‍ 1500 രൂപയും എസ്‌.ബി.ടി. കുറുപ്പന്തറ ബ്രാഞ്ചില്‍ 3500 രൂപയും ഉണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :